തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു .ഈ ആഴ്ച ആദ്യമാണ് അദ്ദേഹത്തെ ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് വിഎസ് . അച്യുതാനന്ദന്റെ ആരോഗ്യ നില തൽസ്ഥിതിയിൽ തുടരുന്നുവെന്നാണ് പുതിയ മെഡിക്കൽ ബുള്ളറ്റിന്.
വ്യാഴാഴ്ച ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ പ്രകാരം, ശ്വസനം, രക്തസമ്മർദ്ദം നിലനിർത്തൽ, വൃക്കകളുടെ പ്രവർത്തനങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്നതിനായി ജീവൻ രക്ഷാ ഉപകരണങ്ങളും ഉപയോഗിക്കുന്നുണ്ട്. അതിതീവ്ര പരിചരണ വിഭാഗത്തിലാണ് വിഎസ്. വിദഗ്ധ ഡോക്ടർമാരടങ്ങിയ മെഡിക്കൽ സംഘം വിഎസിനെ പരിചരിക്കുകയാണെന്നും മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.
2006 മുതൽ 2011 വരെ മുഖ്യമന്ത്രിയായിരുന്ന വി.എസ്., വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങൾ കാരണം സമീപ വർഷങ്ങളിൽ പൊതുജീവിതത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു . മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള സിപിഎം നേതാക്കൾ ആശുപത്രിയിലെത്തി വിഎസിനെ കണ്ടിരുന്നു.

