കൊച്ചി : ഉഷ ജോസഫിന്റെ വയറിനുള്ളിൽ കുടുങ്ങിയ കത്രിക ശസ്ത്രക്രിയ വഴി നീക്കം ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് കൊച്ചിയിലെ അമൃത ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലാണ് കത്രിക പുറത്തെടുത്തത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ, രണ്ട് സർക്കാർ ഡോക്ടർമാരുടെ സാന്നിധ്യത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയ സമയത്ത് കളമശ്ശേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്നുള്ള രണ്ട് ഡോക്ടർമാരാണ് ഉണ്ടായിരുന്നത് . വയറ്റിൽ നിന്ന് പുറത്തെടുത്ത കത്രിക നിലവിൽ രജിസ്റ്റർ ചെയ്ത കേസിലെ തെളിവായതിനാൽ കേസ് അന്വേഷിക്കുന്ന അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറി. ഉഷയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
2021 ൽ ഫൈബ്രോയിഡ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായി ഉഷ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിയത് . ശസ്ത്രക്രിയയ്ക്ക് ശേഷം ശാരീരിക പ്രശ്നങ്ങൾ തുടങ്ങി. നിരവധി ചികിത്സകളും പരിശോധനകളും നടത്തിയെങ്കിലും യഥാർത്ഥ കാരണം കണ്ടെത്താനായില്ല. ഒടുവിൽ, ബുധനാഴ്ച, ആലപ്പുഴയിലെ ഒരു യൂറോളജിസ്റ്റിന്റെ ഉപദേശപ്രകാരം എക്സ്-റേ എടുത്തപ്പോൾ, അടിവയറ്റിൽ കത്രിക കണ്ടെത്തി. വ്യാഴാഴ്ച രാവിലെ, മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയി ഡോക്ടറെ കണ്ടു. ചില ഡോക്ടർമാർ വിവരം പുറത്തുവിടരുതെന്ന് പറഞ്ഞതായും ബന്ധുക്കൾ ആരോപിച്ചു.
സംഭവത്തിൽ ആരോഗ്യ വകുപ്പ് ശസ്ത്രക്രിയ നടത്തിയ ഡോ. ഷാഹിദയെയും നഴ്സിംഗ് ഓഫീസർ പി.എസ്. ധന്യയെയും സസ്പെൻഡ് ചെയ്തു. ഡോ. ഷാഹിദ നിലവിൽ തിരുവനന്തപുരത്തെ എസ്.എ.ടിയിൽ അസോസിയേറ്റ് പ്രൊഫസറാണ്. അന്നത്തെ ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ലളിതാംബിക വിരമിച്ചതിനാൽ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമല്ല. ഡോ. ലളിതാംബികയും ഒരു നഴ്സും ചേർന്നാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ആരോപിച്ച് ഉഷയുടെ ഭർത്താവ് അമ്പലപ്പുഴ സർക്കിൾ ഇൻസ്പെക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.

