കോഴിക്കോട് ; വൈദ്യുതി മന്ത്രിയും , കെപി സി സി അധ്യക്ഷനുമായ സണ്ണി ജോസഫിനെതിരെ കോട്ടയത്ത് വിവിധ ഭാഗങ്ങളിലായി ഫ്ലക്സ് ബോർഡുകൾ. കെപിസിസിയ്ക്ക് വേണ്ടത് മുഴുവൻ സമയ പ്രസിഡന്റിനെയാണെന്ന് കാട്ടിയാണ് കോട്ടയം ഡിസിസി ഓഫീസിനു മുന്നിൽ ഫ്ലെക്സ് വച്ചിരിക്കുന്നത്.
കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. എം പിയും, എം എൽ എ യും മണ്ഡലം ശ്രദ്ധിക്കട്ടെയെന്നും ഒരാൾക്ക് ഒരു പദവി മതിയെന്നും ഫ്ലക്സിൽ പറയുന്നു.നേരത്തെ കോഴിക്കോട് ഡി സി സി ഓഫീസിനു മുന്നിലും സണ്ണി ജോസഫിനെതിരെ ഫ്ലക്സ് ബോർഡ് വച്ചിരുന്നു.
രണ്ടിടങ്ങളിലും ഒരേ പോലെയുള്ള ഫ്ലക്സാണ് വച്ചിരിക്കുന്നത്. സംഭവം വാർത്തയായതോടെ കോഴിക്കോട് ഡി സി സി ഓഫീസിനു മുന്നിൽ വച്ചിരുന്ന ഫ്ലെക്സുകൾ നീക്കം ചെയ്തിരുന്നു. അധ്യക്ഷ സ്ഥാനത്ത് നിന്ന് സണ്ണി ജോസഫിനെ മാറ്റണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് പലയിടത്തും ബോർഡുകൾ ഉയർന്നിരിക്കുന്നത്.
അതേസമയം കെ പി സി സി പ്രസിഡ്ന്റ് സ്ഥാനം എപ്പോൾ വേണമെങ്കിലും ഒഴിയാൻ താൻ തയ്യാറാണെന്നാണ് സണ്ണി ജോസഫിന്റെ നിലപാട്. രണ്ട് ചുമതലയും ഒരുമിച്ച് കൊണ്ടു പോകുന്നതിനുള്ള ബുദ്ധിമുട്ട് നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. മാറാൻ പറഞ്ഞാൽ അപ്പോൾ തന്നെ സ്ഥാനം ഒഴിയുമെന്നും അദ്ദേഹം പറഞ്ഞു.

