കണ്ണൂർ: രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ അഞ്ച് വയസ്സുകാരന് പേവിഷബാധ സ്ഥിരീകരിച്ചു. സംഭവത്തിൽ കുടുംബം അധികൃതർക്ക് പരാതി നൽകി. കുട്ടിയുടെ മാതാപിതാക്കൾ തമിഴ്നാട്ടിൽ നിന്നുള്ളവരാണ്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിലുള്ള കുട്ടിയുടെ നില അതീവ ഗുരുതരമാണ് .
മെയ് 31 ന് പയ്യാമ്പലത്തെ എസ് എൻ പാർക്കിന് സമീപമാണ് കുട്ടിക്ക് കടിയേറ്റത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് വാക്സിനേഷൻ നൽകിയതായി കുടുംബം പറഞ്ഞു. കുട്ടിയുടെ കണ്ണിലും കാലിലും കടിയേറ്റു. മുഖത്തേറ്റ കടിയേറ്റ മുറിവുകളാണ് തലച്ചോറിലേക്ക് റാബിസ് പടരാൻ കാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു .
അതേസമയം, കണ്ണൂർ നഗരത്തിൽ ഇന്നലെയും തെരുവ് നായ്ക്കളുടെ ആക്രമണങ്ങളുണ്ടായിരുന്നു. വികലാംഗനടക്കം 21 പേരെ ഇന്നലെ രാവിലെ തെരുവ് നായ കടിച്ചു. താവക്കര ബസ് സ്റ്റാൻഡ് പരിസരം, എസ്ബിഐ, പ്രഭാത് ജംഗ്ഷൻ, റെയിൽവേ സ്റ്റേഷൻ പരിസരം, പ്ലാസ എന്നിവിടങ്ങളിലായിരുന്നു നായ്ക്കളുടെ ആക്രമണം. റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് മാത്രം 11 പേർക്ക് കടിയേറ്റു.
പരിക്കേറ്റവർക്ക് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയും വാക്സിനേഷനും നൽകി.കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ കണ്ണൂർ നഗരത്തിൽ മാത്രം എൺപതോളം പേർക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു. കഴിഞ്ഞ ദിവസം രാവിലെയും വൈകുന്നേരവും തെരുവ് നായ്ക്കൾ ആക്രമണകാരികളായി. വൈകുന്നേരം ആക്രമിച്ച നായയെ പിന്നീട് താവക്കര ബസ് സ്റ്റാൻഡിൽ ചത്ത നിലയിൽ കണ്ടെത്തിയത് പരിഭ്രാന്ത്രി പടർത്തി.

