പത്തനംതിട്ട: തിരക്ക് നിയന്ത്രിക്കുന്നതിനായി തൃശൂരിൽ നിന്നുള്ള എൻഡിആർഎഫിന്റെ ആദ്യ സംഘം സന്നിധാനത്ത് എത്തി. ചെന്നൈയിൽ നിന്നുള്ള അടുത്ത സംഘം ഇന്ന് വൈകുന്നേരത്തോടെ എത്തും. ഇന്ന് സന്നിധാനത്ത് വലിയ തിരക്കില്ലെന്നാണ് റിപ്പോർട്ട്.
ശബരിമലയിൽ അഭൂതപൂർവമായ ഭക്തജന തിരക്കിനെ തുടർന്ന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സ്പോട്ട് ബുക്കിംഗ് 20,000 ആയി പരിമിതപ്പെടുത്തി . അയ്യപ്പ ദർശനം സുഗമമാക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
ഭക്തർ പമ്പയിൽ എത്തിയാലുടൻ, നിശ്ചിത സമയത്തിനുള്ളിൽ ദർശനം നടത്താനും മടങ്ങാനും കഴിയും. കൂടുതൽ ഭക്തർ എത്തിയാൽ അടുത്ത ദിവസം ദർശനത്തിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും. പമ്പയിൽ സ്പോട്ട് ബുക്കിംഗ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. നിലയ്ക്കലിൽ സ്പോട്ട് ബുക്കിംഗ് സെന്ററുകൾ തുറന്നു.
നിലയ്ക്കലിൽ ഭക്തർക്ക് താമസ സൗകര്യം ഒരുക്കാനും തീരുമാനമായി . നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും. മരക്കൂട്ടം, ശരംകുത്തി സന്നിധാനം റൂട്ടുകളിൽ കൂടുതൽ ജീവനക്കാരെ വിന്യസിക്കും. ക്യൂ കോംപ്ലക്സുകളിലെ എല്ലായിടത്തും ഭക്തർക്ക് കുടിവെള്ളം, ലഘുഭക്ഷണം, ഇൻസ്റ്റന്റ് കോഫി എന്നിവ നൽകും.സന്നിധാനത്തെ തിരക്ക് കണക്കിലെടുത്താണ് നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് തീർത്ഥാടകരെ അനുവദിക്കുന്നത്. ഇന്നലെ ശബരിമലയിൽ വലിയ തിരക്കായിരുന്നു. ദർശനത്തിനായി എട്ട് മണിക്കൂറിലധികം കാത്തിരുന്ന തീർത്ഥാടകരിൽ പലരും തളർന്നു വീണു.

