തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളിലൊരാളായ ദിവ്യ പോലീസിൽ കീഴടങ്ങി. ദിയയുടെ ഉടമസ്ഥതയിലുള്ള ‘ഓ ബൈ ഓസി’ എന്ന സ്ഥാപനത്തിലെ മുൻ ജീവനക്കാരിയായ ദിവ്യ ഫ്രാൻസിസ് ക്രൈംബ്രാഞ്ച് ഓഫീസിലാണ് കീഴടങ്ങിയത്.
കേസിലെ മറ്റ് പ്രതികളായ വിനീതയും രാധകുമാരിയും ഓഗസ്റ്റ് 1 ന് ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയിരുന്നു. പരാതി പ്രകാരം മൂവരും സ്വന്തം ക്യുആർ കോഡ് ഉപയോഗിച്ച് ഉപഭോക്താക്കളിൽ നിന്ന് പണം വാങ്ങി, തൊഴിലുടമകളെ കബളിപ്പിക്കുകയായിരുന്നു. കടയിൽ തെളിവുകൾ ശേഖരിക്കുന്നതിനിടെ, വിനീതയും രാധകുമാരിയും തട്ടിപ്പ് നടത്തിയതായി സമ്മതിച്ചു. 40 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതായാണ് റിപ്പോർട്ട്. ആ പണം ഉപയോഗിച്ച് സ്വർണ്ണം വാങ്ങിയെന്നും രാധാകുമാരിയും, വിനീതയും പറഞ്ഞു. തട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ച് വാങ്ങിയ സ്കൂട്ടറും സ്വർണ്ണവും കണ്ടുകെട്ടുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം പ്രതി ദിവ്യ ഫ്രാൻസിസ് ഒളിവിൽ പോയിരുന്നു.
ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് രാധാകുമാരിയും, വിനീതയും കീഴടങ്ങിയത് . സ്ത്രീകൾ കുറ്റം സമ്മതിക്കുന്നതിന്റെ വീഡിയോ ദിയ നേരത്തെ പുറത്തുവിട്ടിരുന്നു. മൂന്ന് ജീവനക്കാർ 10 മാസത്തിനിടെ 69 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.പിന്നീട് മൂവരും കൃഷ്ണകുമാറിനും ദിയയ്ക്കുമെതിരെ പോലീസിൽ പരാതി നൽകി.
സാമ്പത്തിക തട്ടിപ്പ് പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് കൃഷ്ണകുമാറും ദിയയും തങ്ങളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തുവെന്ന് ആരോപിച്ച് അവർ മ്യൂസിയം പോലീസിലാണ് പരാതി നൽകിയത്. ഈ പരാതി പിന്നീട് വ്യാജമാണെന്ന് കണ്ടെത്തി. ജീവനക്കാരെ തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. പരാതിക്കാരെ തട്ടിക്കൊണ്ടുപോയെന്ന ആരോപണമല്ലാതെ മറ്റൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു.

