പത്തനംതിട്ട: മകരവിളക്ക് ദിനത്തിൽ സന്നിധാനത്ത് സിനിമാ ഷൂട്ടിംഗ് നടന്നതിനെ കുറിച്ച് അന്വേഷണം നടത്താൻ നിർദേശം . പരാതി ലഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ സ്ഥിരീകരിച്ചു. സംവിധായകൻ അനുരാജ് മനോഹറിന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് സന്നിധാനത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടാതെ നടന്നതായാണ് പരാതി.
മകരവിളക്ക് എന്ന സിനിമയുടെ ചിത്രീകരണത്തിന് നിർമ്മാതാക്കൾക്ക് അനുമതി നിഷേധിച്ചെങ്കിലും സിനിമയുടെ ഷൂട്ടിംഗ് നടന്നതായി പരാതി ലഭിച്ചതായി ജയകുമാർ പറഞ്ഞു. അന്വേഷണം നടത്താൻ ദേവസ്വം വിജിലൻസ് എസ്പിയോട് ജയകുമാർ നിർദ്ദേശിച്ചു. റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് ജയകുമാർ പറഞ്ഞു. എന്നാൽ ചിത്രീകരണം സന്നിധാനത്ത് അല്ല, പമ്പയിലാണ് നടന്നതെന്ന് സംവിധായകൻ അനുരാജ് മനോഹർ പറഞ്ഞു . സിനിമയുടെ സെറ്റ് പമ്പയിലാണ് നിർമ്മിച്ചത്. അന്വേഷണവുമായി സഹകരിക്കുമെന്നും സംവിധായകൻ പറഞ്ഞു .

