കൊല്ലം: കൊല്ലം പൂരത്തിനിടെ ആർഎസ്എസ് നേതാവ് ഹെഡ്ഗ്ഗേവാറിന്റെ ചിത്രം പ്രദർശിപ്പിച്ചത് സ്വകാര്യ വ്യക്തികളാണെന്ന് റിപ്പോർട്ട് . തിരുവിതാംകൂർ ദേവസ്വം ബോർഡ് കൊല്ലം അസിസ്റ്റൻ്റ് കമ്മീഷണർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത് .
മുഴുവൻ പ്രശ്നത്തിലും ക്ഷേത്ര ഉപദേശക സമിതിയ്ക്ക് പങ്കുണ്ടെന്ന ആരോപണവും റിപ്പോർട്ട് നിഷേധിച്ചു. റിപ്പോർട്ട് ദേവസ്വം ബോർഡ് അധികൃതർക്ക് കൈമാറി. തിങ്കളാഴ്ച ചേരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം വിഷയം ചർച്ച ചെയ്യും.
ഇരവിപുരം സ്വദേശി ആനന്ദ് വിഷ്ണുവിൻ്റെ പരാതിയിൽ ഹെഡ്ഗ്ഗേവാറിന്റെ ചിത്രം പ്രദർശിപ്പിച്ചതിനെതിരെ കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തിരുന്നു. ആശ്രമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഉപദേശക സമിതിക്കും കൊല്ലം പുതിയകാവ് ക്ഷേത്ര ട്രസ്റ്റിനുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. ക്ഷേത്രോത്സവത്തിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിൻ്റെ ഛായാചിത്രം പ്രദർശിപ്പിച്ചത് ചട്ടലംഘനമാണെന്നാണ് പരാതി. സംഭവത്തിൽ യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും പരാതി നൽകിയിട്ടുണ്ട്.

