കോട്ടയം : ശബരിമലയിലെത്തുന്ന എല്ലാ തീർത്ഥാടകർക്കും ഇത്തവണ 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് ഏർപ്പെടുത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് . തീർത്ഥാടകർ മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ സംവിധാനവും ദേവസ്വം ബോർഡ് ഒരുക്കും . കഴിഞ്ഞ വർഷം ശബരിമലയിൽ എത്തിയ തീർത്ഥാടകരിൽ ചിലർ ഹൃദയസംബന്ധമായ തകരാറുകളും മറ്റും മൂലം മരണപ്പെട്ടിരുന്നു . തുടർന്നാണ് ഈ തീരുമാനം . മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ശബരിമല അവലോകന യോഗത്തിലാണ് ഈ തീരുമാനം .
ശബരിമല ദർശനത്തിനെത്തുന്ന എല്ലാ തീർത്ഥാടകർക്കും സൗകര്യം ഒരുക്കുമെന്നും , വെർച്വൽ ക്യൂവിനൊപ്പം നേരിട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാകുമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.തീർത്ഥാടന കാലത്ത് എരുമേലിയിലും ഇടത്താവളങ്ങളിലുമായി 700 പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ് പറഞ്ഞു . ഇതിൽ 500 പോലീസുകാരെ എരുമേലിയിലും, പരിസരങ്ങളിലും മാത്രമാണ് നിയോഗിക്കുക .ഏറ്റുമാനൂർ, വൈക്കം , കടപ്പാട്ടൂർ ഭാഗങ്ങളിൽ 200 പോലീസുകാരെ നിയോഗിക്കുമെന്നും ഷാഹുൽ ഹമീദ് പറഞ്ഞു .
13000 പോലീസുകാരെയാണ് ശബരിമലയിൽ നിയോഗിക്കുന്നതെന്ന് നേരത്തെ ജില്ലാ കലക്ടർ വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ പറഞ്ഞിരുന്നു . പമ്പയുൾപ്പടെ വിവിധ ഇടങ്ങളിൽ ആറ് ഭാഷകളിൽ ബോർഡുകളും വയ്ക്കും . പാർക്കിംഗ് ഗ്രൗണ്ടുകളിൽ സുരക്ഷാക്യാമറകൾ , ഉച്ചഭാഷിണി എന്നിവ സജീകരിക്കും .റോഡുകളിൽ അനധികൃത പാർക്കിംഗ് അനുവദിക്കില്ല . പമ്പയിലും , സന്നിധാനത്തും ഭക്തർക്ക് കുടിവെള്ളം ഒരു മണിക്കൂർ ഇടവിട്ട് പരിശോധിക്കും .24 മണിക്കൂറും പമ്പയിലും , നിലയ്ക്കലും ആശുപത്രി സേവനവും ഉണ്ടാകും .