തിരുവനന്തപുരം: എക്സൈസ് ഉദ്യോഗസ്ഥർ മന്ത്രിയ്ക്ക് അകമ്പടി സേവിക്കണമെന്ന വിചിത്രമായ നിർദ്ദേശവുമായി എക്സൈസ് കമ്മീഷണർ എം ആർ അജിത്കുമാർ . ഇന്നലെ വിളിച്ചുചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.മന്ത്രി ഹോട്ടലിലോ ഗസ്റ്റ് ഹൗസിലോ താമസിച്ചാലും ഉദ്യോഗസ്ഥരും വാഹനവും ഉണ്ടായിരിക്കണമെന്ന് അദ്ദേഹത്തിന്റെ നിർദ്ദേശത്തിൽ പറയുന്നു. ഓഫീസുകൾ വൃത്തിയായി സൂക്ഷിക്കാൻ ഫണ്ട് കണ്ടെത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു
എന്നാൽ എക്സൈസ് കമ്മീഷണറുടെ നിർദ്ദേശം വകുപ്പ് മന്ത്രിയുടെ അറിവില്ലാതെയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. എക്സൈസ് കമ്മീഷണറുടെ നിർദ്ദേശത്തെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നും അത്തരമൊരു ഉത്തരവ് സാധ്യമല്ലെന്നും എക്സൈസ് മന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. മന്ത്രി വി ശിവൻകുട്ടിയും അജിത് കുമാറിന്റെ നിർദേശങ്ങൾക്കെതിരെ രംഗത്ത് വന്നു.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രോട്ടോക്കോൾ തീരുമാനിക്കേണ്ടത് ഏതെങ്കിലും ഉദ്യോഗസ്ഥനല്ല, സർക്കാരാണെന്നും ശിവൻകുട്ടി പ്രതികരിച്ചു. ‘മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷയ്ക്ക് ഒരു പ്രോട്ടോക്കോൾ ഉണ്ട്. ആ പ്രോട്ടോക്കോൾ അനുസരിച്ചാണ് കാര്യങ്ങൾ നടക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് ചില മാധ്യമങ്ങൾ യുഡിഎഫിനെ അധികാരത്തിലെത്തിക്കും. തിരഞ്ഞെടുപ്പിന് ശേഷം ജനങ്ങൾ എൽഡിഎഫിനെ അധികാരത്തിലെത്തിക്കും. അതാണ് കേരളത്തിൽ കാണുന്നത്.
കഴിഞ്ഞ തവണ തിരഞ്ഞെടുപ്പിന് മുമ്പ് ചിലർ യുഡിഎഫിന്റെ മുഖ്യമന്ത്രിയെയും മന്ത്രിസഭയെയും തീരുമാനിച്ചിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം എൽഡിഎഫ് രണ്ടാമതും അധികാരത്തിൽ വന്നു. എൽഡിഎഫ് വേണ്ടെന്ന് ജനങ്ങൾ എങ്ങനെയാണ് പറയുക. ഏതെങ്കിലും മന്ത്രിക്കെതിരെ ഒരു രൂപയുടെ അഴിമതി ആരോപണമുണ്ടോ?’ എന്നും മന്ത്രി ചോദിച്ചു.

