ആലപ്പുഴ: 1998-ൽ യുബി ഗ്രൂപ്പ് ചെയർമാൻ വിജയ് മല്യ നൽകിയ സ്വർണ്ണം ശബരിമലയിലെ ശ്രീകോവിലിൽ പൂർണ്ണമായും പൊതിഞ്ഞിരുന്നുവെന്ന് അന്നത്തെ കീഴ്ശാന്തി ശ്രീനിവാസൻ പോറ്റി . സന്നിധാനത്ത് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ സ്വർണ്ണം ശരിയായ രീതിയിൽ പൊതിഞ്ഞിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയെ സ്പോൺസറായി തിരഞ്ഞെടുക്കുന്നതിൽ ദേവസ്വം ബോർഡ് കൂടുതൽ ശ്രദ്ധാലുവായിരിക്കണമായിരുന്നുവെന്നും ശ്രീനിവാസൻ പോറ്റി പറഞ്ഞു.
‘1998-ൽ, വാതിലും അതിന്റെ ഫ്രെയിമുകളും പൂർണ്ണമായും സ്വർണ്ണം പൂശിയിരുന്നു. സന്നിധാനത്ത് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ സ്വർണ്ണം ശരിയായ രീതിയിൽ പൊതിഞ്ഞിരുന്നു. അതുവരെയുള്ള എല്ലാം ശരിയായ രീതിയിലാണ് ചെയ്തത്. ഇപ്പോഴത്തെ വിവാദങ്ങളെല്ലാം കേട്ടപ്പോൾ എനിക്ക് വളരെ സങ്കടം തോന്നി. ശബരിമല ദേവസ്വം ബോർഡിന്റെ പണപ്പെട്ടിയാണ്. അത് തുറന്നാണ് ബോർഡ് അതിന്റെ ഭരണം നടത്തുന്നത്. ശബരിമലയിൽ നിന്നുള്ള വരുമാനം ഒരു കാരണവശാലും കുറയരുത്. എല്ലാ കാര്യങ്ങളിലും അയ്യപ്പ ഭക്തർക്ക് അൽപ്പം ആശങ്കയുണ്ട്. അടുത്ത തവണയും നല്ല വരുമാനം ലഭിക്കണം,’ ശ്രീനിവാസൻ പോറ്റി പറഞ്ഞു.
അതേസമയം, ശബരിമലയിലെ ദ്വാരപാലക വിഗ്രഹങ്ങളിൽ സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബുവിന്റെ പ്രസ്താവന തെറ്റാണെന്ന് തന്ത്രി കണ്ഠരര് രാജീവര് പ്രതികരിച്ചു. ദ്വാരപാലക വിഗ്രഹങ്ങൾ സ്വർണ്ണം പൂശുന്നതിനായി ചെന്നൈയിലേക്ക് കൊണ്ടുപോകാൻ താൻ അനുമതി നൽകിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വിഗ്രഹങ്ങളുടെ ചില ഭാഗങ്ങളുടെ നിറം മങ്ങിയിട്ടുണ്ടെന്നും അവ നന്നാക്കാൻ അനുമതി ചോദിച്ചതായും, രേഖാമൂലമുള്ള അപേക്ഷയ്ക്ക് മറുപടി നൽകിയിയെന്നും അദ്ദേഹം വ്യക്തമാക്കി.

