തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസിൽ സിപിഎം നേതാവ് ഇ.പി. ജയരാജനെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. ഇ.പി. ജയരാജന് ക്ലീൻ ചിറ്റ് നൽകിയ പോലീസ് റിപ്പോർട്ട് കോടതി തള്ളി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പോലീസിനോട് നിർദ്ദേശിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവ് .
2022 ജൂൺ 13 നാണ് സംഭവം നടന്നത്. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഇൻഡിഗോ വിമാനത്തിൽ എത്തിയ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. സ്വർണ്ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. പിന്നീട്, ഫർസീൻ മജീദ് ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ വച്ച് ഇ.പി. ജയരാജൻ പ്രവർത്തകരെ മർദ്ദിച്ചുവെന്ന് ആരോപിച്ചു. വലിയതുറ പോലീസ് ഈ പരാതി അന്വേഷിച്ചെങ്കിലും, ജയരാജനെതിരെ കേസെടുക്കാൻ മതിയായ തെളിവുകളില്ലെന്ന് വ്യക്തമാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
എന്നാൽ, ഈ റിപ്പോർട്ട് തള്ളിക്കളഞ്ഞ കോടതി കേസ് തള്ളാൻ കഴിയില്ലെന്ന് വ്യക്തമാക്കി. ഇ.പി. ജയരാജനും ഗൺമാൻ അനിൽകുമാറിനുമെതിരായ പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഉത്തരവിട്ടു.

