തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒൻപതാം ദിവസവും ഒളിവിലാണ്. ലൈംഗിക പീഡനപരാതിയിൽ കേസെടുത്തതിന് തൊട്ടുപിന്നാലെയാണ് രാഹുൽ ഒളിവിൽ പോയത് . കർണാടകയിലെ സുള്ള്യയിൽ നിന്ന് കസ്റ്റഡിയിലെടുത്തതായി ഇന്നലെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, പിന്നീട് ഇത് വ്യാജമാണെന്ന് വ്യക്തമായി.
അതേസമയം മുൻകൂർ ജാമ്യാപേക്ഷയുമായി രാഹുൽ ഇന്ന് ഹൈക്കോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്നലെ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത് . രാഹുലിന്റെ കേസ് ഗുരുതരമായ ലൈംഗികാതിക്രമമാണെന്നും തെളിവുകൾ നശിപ്പിക്കാനും ഔദ്യോഗിക സ്ഥാനം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും നിരീക്ഷിച്ച ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എ നസീറയാണ് മുൻകൂർ ജാമ്യം നിഷേധിച്ചത്.
രാഹുലിന്റെ ഓരോ നീക്കവും ഭീഷണിയാണെന്നും, ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണെന്ന് പറയാനാവില്ലെന്നും തെളിവുകളിൽ നിന്ന് വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് രാഹുലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു . ലൈംഗികാതിക്രമ ആരോപണത്തെത്തുടർന്ന് സംസ്ഥാനത്ത് കോൺഗ്രസ് പുറത്താക്കിയ ആദ്യത്തെ എംഎൽഎയാണ് രാഹുൽ.
അതേസമയം, ഇന്നലെ കസ്റ്റഡിയിലെടുത്ത രാഹുലിന്റെ പേഴ്സണൽ അസിസ്റ്റന്റിനെയും ഡ്രൈവർ ജോസിനെയും പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്തു. രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചതും കൂടെയുണ്ടായിരുന്നതും ഇവരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച പാലക്കാട് നിന്ന് പുറപ്പെട്ട ഇരുവരും രാഹുലിനൊപ്പം തമിഴ്നാട്ടിലേക്ക് പോയി. ഇന്നലെ പാലക്കാട്ട് തിരിച്ചെത്തിയ ശേഷമാണ് എസ്ഐടി ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

