പത്തനംതിട്ട: ശബരിമലയിലെ പുതിയ മേൽശാന്തിയായി തൃശൂർ ചാലക്കുടി മടത്തൂർക്കുന്ന് ഏരനൂർ മനയിലെ ഇ.ഡി. പ്രസാദിനെ തെരഞ്ഞെടുത്തു. അടുത്ത ഒരു വർഷത്തേക്കാണ് നിയമനം. മാളികപ്പുറം മേൽശാന്തിയായി മുട്ടത്തൂർ മഠം എം.ജി. മനു നമ്പൂതിരിയെ തിരഞ്ഞെടുത്തു. കൊല്ലം മയ്യനാട് ആയിരംതെങ്ങ് സ്വദേശിയാണ് അദ്ദേഹം.
ശബരിമല മേൽശാന്തിക്കുള്ള നറുക്കെടുപ്പ് പന്തളം കൊട്ടാരത്തിലെ കശ്യപ് വർമ്മ നടത്തി. മുഖ്യ പുരോഹിതരുടെയും ഹൈക്കോടതി നിരീക്ഷകന്റെയും ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടത്തിയത്. മേൽശാന്തിയുടെ അന്തിമ പട്ടികയിൽ 14 പേരുണ്ടായിരുന്നു.പന്തളം കൊട്ടാരത്തിലെ മൈഥിലി കെ. വർമ്മയാണ് മാളികപ്പുറം മേൽശാന്തിക്കായി നറുക്കെടുത്തത്. വൃശ്ചികം 1 ന് ഇരുവരും ചുമതലയേൽക്കും.

