തൃശൂർ : കൊടുങ്ങല്ലൂരിൽ ലഹരിക്കടിമയായ മകൻ അമ്മയുടെ കഴുത്തറുത്തു. അഴീക്കോട് മരപ്പാലത്തിനു സമീപം ഊമന്തറ അഴുവേലിക്കകത്ത് ജലീലിന്റെ ഭാര്യ സീനത്തിനെയാണ് 24 കാരനായ മകൻ മുഹമ്മദ് ആക്രമിച്ചത്.
അതീവ ഗുരുതരാവസ്ഥയിലായ വീട്ടമ്മയെ ആശുപത്രിയിലേയ്ക്ക് മാറ്റി . മുഹമ്മദ് ലഹരി ഉപയോഗിക്കുന്നത് തടയാൻ മാതാപിതാക്കൾ ശ്രമിച്ചതാണ് ആക്രമണത്തിൽ കലാശിച്ചത് . ഇടത് കൈകൊണ്ട് മുടിയ്ക്ക് കുത്തിപ്പിടിച്ച ശേഷം വലതുകൈകൊണ്ട് കഴുത്തറുക്കുകയായിരുന്നു. കൊലപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്.
ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർക്ക് നേരെയും മുഹമ്മദ് കൊലവിളി നടത്തി . ഗുരുതരമായി പരിക്കേറ്റ സീനത്തിനെ ആദ്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുഹമ്മദിനെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.