കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അസിസ്റ്റന്റ് പ്രൊഫസറെ മരിച്ച നിലയിൽ കണ്ടെത്തി. ബയോ കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ മലപ്പുറം സ്വദേശി കെ. നിഖിൽ ചന്ദ്രൻ (34) ആണ് മരിച്ചത്. ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഫോൺ എടുക്കാത്തതിനെ അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് നിഖിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യക്തിപരമായ കാരണങ്ങളാകാം ആത്മഹത്യയ്ക്ക് പിന്നില്ലെന്നാണ് പ്രാഥമിക നിഗമനം. വിവിധ കാരണങ്ങളാൽ നിഖിൽ മാനസിക സമ്മർദ്ദത്തിലായിരുന്നെന്നും അതിനുള്ള മരുന്ന് കഴിച്ചിരുന്നതായും പറയപ്പെടുന്നു. എയിംസിൽ റാങ്ക് ഹോൾഡറായിരുന്നു നിഖിൽ. ഭാര്യ എറണാകുളത്ത് ഡോക്ടറാണ്.
രണ്ട് വർഷത്തോളമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ട്യൂട്ടറായി ജോലി ചെയ്തു വരികയായിരുന്നു നിഖിൽ. ഇന്നലെ അദ്ദേഹം ഡ്യൂട്ടിക്ക് എത്തിയിരുന്നില്ല. മാതാപിതാക്കളും അദ്ദേഹത്തെ വിളിക്കാൻ ശ്രമിച്ചെങ്കിലും ബന്ധപ്പെടാൻ കഴിഞ്ഞില്ല. തുടർന്നാണ് സുഹൃത്തുക്കൾ അന്വേഷിച്ച് എത്തിയത് .
പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

