തിരുവനന്തപുരം: കണ്ണമൂല വിഷ്ണു കൊലക്കേസിൽ ഏഴ് പ്രതികൾക്ക് നെടുമങ്ങാട് എസ്സി/എസ്ടി സ്പെഷ്യൽ കോടതി ജീവപര്യന്തം തടവ് വിധിച്ചു. അരുൺ, ലല്ലു, രാജേഷ്, സനൽ കുമാർ, ശ്രീനാഥ്, വിജീഷ്, മനു എന്നിവർക്കാണ് ജീവപര്യന്തം തടവ് വിധിച്ചത് . കേസിൽ പ്രതികളായ ഓരോരുത്തരും 1,75,000 രൂപ വീതം പിഴയൊടുക്കണം. ഇതിൽ അഞ്ച് ലക്ഷം രൂപ രണ്ടാം സാക്ഷിയായ വിഷ്ണുവിന്റെ മാതാവിനും, മൂന്ന് ലക്ഷം രൂപ വീതം ഒന്നാം സാക്ഷിയും , മൂന്നാം സാക്ഷിയുമായ പിതാവിനും , സഹോദരിയ്ക്കും നൽകണം.കൂടാതെ, ഒന്ന് മുതൽ മൂന്ന് വരെയുള്ള സാക്ഷികൾക്ക് ലീഗൽ സർവീസ് അതോറിറ്റി വഴി നഷ്ടപരിഹാരം നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
കേസിലെ വിചാരണ കഴിഞ്ഞ ദിവസമാണ് പൂർത്തിയായത് . കേസിൽ അഞ്ച് പേരെ കോടതി നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു. കേസിലെ ഒന്നാം പ്രതിയായ കണ്ണമൂല കൊല്ലൂരിലെ ആർ അരുൺ ഉൾപ്പെടെ ഏഴ് പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. എട്ടാം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും ഇയാൾ നേരത്തെ മരിച്ചിരുന്നു.
പേട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആകെ 48 സാക്ഷികളെ പ്രോസിക്യൂഷൻ ക്രോസ് വിസ്താരം നടത്തി. 144 തെളിവുകളും ആറ് രേഖകളും ഹാജരാക്കി. 2016 ഒക്ടോബറിലാണ് കൊലപാതകം നടന്നത് . കണ്ണമൂലയിൽ വച്ച് പന്ത്രണ്ടോളം വരുന്ന അക്രമിസംഘം വിഷ്ണുവിന്റെ മാതാപിതാക്കളും, നാട്ടുകാരും നോക്കി നിൽക്കെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആദ്യം പേട്ട പോലീസ് അന്വേഷിച്ച കേസ് പിന്നീട് ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കൊല്ലപ്പെടുമ്പോൾ വിഷ്ണുവിന് 18 വയസ്സായിരുന്നു പ്രായം.

