ന്യൂഡൽഹി: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകാനുള്ള തമിഴ്നാട് സർക്കാരിന്റെ തീരുമാനം റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു . വാദം കേൾക്കുന്നതിനിടെ, സർക്കാരിന്റെ ദുരിതാശ്വാസ നയത്തെ ചോദ്യം ചെയ്തതിന് ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് ഹർജിക്കാരനെ ശാസിക്കുകയും തമിഴ്നാട് ചീഫ് സെക്രട്ടറിക്കും ഹർജിക്കാരനും നോട്ടീസ് അയയ്ക്കുകയും ചെയ്തു.
ദുരന്തബാധിതരായ കുടുംബങ്ങൾക്ക് തൊഴിൽ നൽകാനുള്ള സർക്കാരിന്റെ നയത്തെ ചോദ്യം ചെയ്യുന്നതിനുള്ള അടിസ്ഥാനം എന്താണെന്ന് വാദം കേൾക്കുന്നതിനിടെ സുപ്രീം കോടതി ചോദ്യം ചോദിച്ചു.
“സർക്കാരിന്റെ നയത്തെ ചോദ്യം ചെയ്യാൻ നിങ്ങൾ ആരാണ്? ഒരു കുടുംബത്തിലെ ഏക അംഗം ദുരന്തത്തിൽ മരിച്ചാൽ, അദ്ദേഹത്തിന്റെ മകനോ മകൾക്കോ സർക്കാർ തൊഴിൽ നൽകേണ്ടതല്ലേ?” എന്ന് പൊതുതാൽപര്യ ഹർജി സമർപ്പിച്ച ഹർജിക്കാരനോട് ബെഞ്ച് ചോദിച്ചു.
നാം തമിഴർ കച്ചിയിലെ തീരൻ തിരുമുരുഗനും അഭിഭാഷകൻ സീനി അഹമ്മദുമാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിൽ സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്തത്. കേസ് കേട്ട ജസ്റ്റിസുമാരായ കാർത്തികേയൻ, ശക്തിവേൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സർക്കാർ ഉത്തരവ് റദ്ദാക്കി. തുടർന്നാണ് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
2025 സെപ്റ്റംബറിലാണ് വിജയ്യുടെ രാഷ്ട്രീയപാർട്ടിയായ ടിവികെയുടെ തിരഞ്ഞെടുപ്പുപ്രചാരണറാലിയ്ക്കിടെ കരൂരിൽ തിക്കിലും തിരക്കിലുംപെട്ട് 41 പേർ മരിച്ചത്. ഇവരുടെ കുടുംബാംഗങ്ങൾക്കാണ് സർക്കാർ ജോലി നൽകാൻ തീരുമാനിച്ചത്.

