കൊച്ചി: പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി . ഭക്തർ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ കാരണം പമ്പ മലിനമാകുന്ന സാഹചര്യം ഉണ്ടായതിനെ തുടർന്നാണ് ഹൈക്കോടതി കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത് . ജസ്റ്റിസുമാരായ എ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ദേവസ്വം ബോർഡിന് നിർദ്ദേശം നൽകിയത്.
‘എല്ലാ ദിവസവും പമ്പയിൽ നിന്ന് ലോഡുകളായി വസ്ത്രങ്ങൾ ശേഖരിക്കാറുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർ പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നു. ഇത് ഒരു ആചാരത്തിന്റെ ഭാഗമായി അവർ കണക്കാക്കുന്നു. എന്നാൽ, അത്തരമൊരു ആചാരമില്ലെന്ന് വ്യാപകമായി അവബോധം സൃഷ്ടിക്കണം. പമ്പയുടെ തീരത്ത് ബോധവൽക്കരണ ദൃശ്യങ്ങൾ പ്രദർശിപ്പിക്കണം. കൂടാതെ, പമ്പ മലിനമാക്കരുതെന്നും വസ്ത്രങ്ങൾ നദിയിൽ ഉപേക്ഷിക്കരുതെന്നും കെഎസ്ആർടിസി ബസുകൾ വഴി ഓഡിയോ സന്ദേശങ്ങൾ പ്രചരിപ്പിക്കണമെന്നും ‘ കോടതി വ്യക്തമാക്കി.
നദിയിൽ ഉപേക്ഷിക്കപ്പെട്ട വസ്ത്രങ്ങൾ അടിഞ്ഞുകൂടുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് ജലത്തെ മലിനമാക്കുന്നു. നദിയിൽ അവശേഷിക്കുന്ന വസ്ത്രങ്ങൾ ശേഖരിക്കാനുള്ള അവകാശം ദേവസ്വം ബോർഡ് വലിയ തുകയ്ക്ക് ലേലം ചെയ്തിട്ടുണ്ടെങ്കിലും, നദിയുടെ അടിയിൽ കിടക്കുന്ന വസ്ത്രങ്ങൾ അവർ ശേഖരിക്കാറില്ല . വെള്ളത്തിന്റെ ഉപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന വസ്ത്രങ്ങൾ മാത്രമേ ശേഖരിക്കൂ. സംഭരിച്ച വസ്ത്രങ്ങൾ കുളിക്കുന്ന സ്ഥലത്തിന്റെ പടികളിൽ കൂട്ടിയിട്ടിരിക്കുന്നതിനാൽ ചെളിയും വസ്ത്രങ്ങളും അടിഞ്ഞുകൂടുകയും പടികൾ വൃത്തികേടാകുകയും ചെയ്യുന്നുണ്ട്.

