കൊച്ചി: ഫ്ലാറ്റിൽ നിന്നും കഞ്ചാവ് പിടികൂടിയ കേസിൽ സംവിധായകൻ സമീർ താഹിർ അറസ്റ്റിൽ. കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്ന് സംവിധായകരായ ഖാലിദ് റഹ്മാന്, അഷ്റഫ് ഹംസ എന്നിവരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ സംഭവത്തിലാണ് സമീര്‍ താഹിറിനെ എക്സൈസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ഫ്ലാറ്റിലെ ലഹരി ഉപയോഗം തൻ്റെ അറിവോടെ അല്ലെന്നാണ് സമീർ മൊഴി നൽകിയിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സംവിധായകരടക്കം മൂന്നു പേര് സമീർ താഹിറിന്റെ ഫ്ലാറ്റിൽ നിന്നും എക്സൈസിന്റെ പിടിയിലാകുന്നത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഇവരിൽ നിന്നും കണ്ടെടുത്തിരുന്നു. ഖാലിദ് റഹ്മാന്, അഷ്റഫ് ഹംസ, ഷാലിഫ് മുഹമ്മദ് എന്നിവരായിരുന്നു അന്ന് പിടിയിലായത്.
തൃശൂർ സ്വദേശിയാണ് സമീർ താഹിർ താമസിക്കുന്ന കൊച്ചിയിലെ ആഡംബര ഫ്ളാറ്റിന്റെ ഉടമ. ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത് തങ്ങൾക്കെല്ലാം നാണക്കേടുണ്ടാക്കിയെന്നും സംഭവം നടുക്കുന്നതാണെന്നും സമീർ താഹിറിനെ ഫ്ലാറ്റിൽ നിന്നും ഒഴിപ്പിക്കണമെന്നും കാട്ടി റസിഡൻസ് അസോസിയേഷൻ ഫ്ലാറ്റ് ഉടമയ്ക്ക് നേരത്തേ കത്ത് നൽകിയിരുന്നു.

