കൊച്ചി: നയതന്ത്ര സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് നായർക്ക് ഹൃദയാഘാതം . അദ്ദേഹത്തെ എറണാകുളം ലിസി ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരു സ്വർണ്ണക്കടത്ത് കേസിൽ സന്ദീപിനെ കോടതി കുറ്റവിമുക്തനാക്കി വിധി പറഞ്ഞതിനു പിന്നാലെയാണ് സംഭവം . സന്ദീപ് ഭാര്യയോടും ബന്ധുവിനോടും ഒപ്പം തിരുവനന്തപുരത്തേക്ക് പോകാൻ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ തുടങ്ങുകയായിരുന്നു.
പരിശോധനയിൽ നാല് ബ്ലോക്കുകൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആൻജിയോഗ്രാം ചെയ്തു. സന്ദീപ് നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ്
സ്വപ്ന സുരേഷ്, പി.എസ്. സരിത്ത് എന്നിവർക്കൊപ്പം നയതന്ത്ര സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളിൽ ഒരാളാണ് സന്ദീപ് നായർ. കേസിൽ ഒന്നര വർഷത്തോളം കോഫെപോസ പ്രതിരോധ തടങ്കലിൽ കഴിഞ്ഞിരുന്ന സന്ദീപ് 2021 ഒക്ടോബറിൽ ജയിൽ മോചിതനായി. നയതന്ത്ര സ്വർണ്ണക്കടത്ത് കേസിൽ ഒളിവിലായിരുന്ന സ്വപ്നയെയും സന്ദീപിനെയും 2020 ജൂലൈ 11 ന് ബെംഗളൂരുവിൽ നിന്ന് എൻഐഎ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. തൊട്ടുപിന്നാലെ, കസ്റ്റംസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയുടെ അന്വേഷണ സംഘങ്ങൾ സന്ദീപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എൻഐഎ, കസ്റ്റംസ് കേസുകളിലെ നാലാമത്തെ പ്രതിയും ഇഡി കേസിലെ മൂന്നാം പ്രതിയുമാണ് സന്ദീപ് നായർ.

