പത്തനംതിട്ട : നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് നീതി ലഭിച്ചുവെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് . ദിലീപുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും അതിനാൽ വ്യക്തിപരമായി സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ഒരു നടി എന്ന നിലയിൽ ഞങ്ങൾ അവർക്കൊപ്പമാണ്. എന്നിരുന്നാലും, എല്ലാവർക്കും നീതി ആവശ്യമാണ്. ദിലീപിന് നീതി ലഭിച്ചു. ഒരു കലാകാരൻ എന്നതിനപ്പുറം അദ്ദേഹവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. കോടതി അദ്ദേഹത്തിന് നീതി നൽകി. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ നയിച്ച കെട്ടിച്ചമച്ച കേസാണിതെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്.
രാഷ്ട്രീയ നേട്ടങ്ങൾക്കായി സർക്കാർ അറസ്റ്റ് ചെയ്തു . മറ്റ് ജോലിയില്ലാത്തതിനാൽ സർക്കാർ അപ്പീൽ നൽകും. ആരെ ദ്രോഹിക്കണമെന്ന് ചിന്തിക്കുന്ന ഒരു സർക്കാരാണിത്, ഏത് കേസും കെട്ടിച്ചമയ്ക്കാൻ അവർ തയ്യാറാണ്,’ അടൂർ പ്രകാശ് പറഞ്ഞു.
ശബരിമല വിഷയം തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമാണെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. 101 ശതമാനം പ്രതീക്ഷയോടെ തിരഞ്ഞെടുപ്പിനെ നേരിടുന്നു. അടൂർ മുനിസിപ്പാലിറ്റിയുടെ ഭരണം യു.ഡി.എഫ്. ഏറ്റെടുക്കും. കൺവീനർ എന്ന നിലയിൽ എല്ലാ സ്ഥലങ്ങളിലും തിരഞ്ഞെടുപ്പുകളിൽ ഏകോപനം സൃഷ്ടിച്ചുകൊണ്ട് മുന്നോട്ട് പോയി. ശബരിമലയിലെ സ്വർണ്ണ മോഷണമാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങൾ ചർച്ച ചെയ്യുന്ന പ്രധാന വിഷയം. തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

