കണ്ണൂർ ; സെൻട്രൽ ജയിലിൽ നിന്ന് തലശേരി അഡീഷണൽ സെഷൻസ് കോടതിയിൽ കൊണ്ടുപോകവേ ടി പി വധക്കേസ് പ്രതികൾക്ക് മദ്യപിക്കാൻ അവസരം ലഭിച്ച സംഭവത്തിൽ അതൃപ്തി അറിയിച്ച് ഡിജിപി റവാഡ ചന്ദ്രശേഖർ . ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്നും അദ്ദേഹം നിർദേശം നൽകി.കണ്ണൂർ സിറ്റി റൂറൽ പൊലീസിലെ ഡി വൈ എസ് പിമാർ , എസ്പിമാർ , എഎസ്പി, എസ്പി, കമ്മിഷണർ, റേഞ്ച് ഡിെഎജി എന്നിവരുടെ സുപ്രധാന യോഗത്തിലാണ് ഡിജിപിയുടെ പ്രതികരണം.
കോടതി പരിസരത്തെ മദ്യപാനത്തിന്റെ പേരിൽ കൊടി സുനിയ്ക്കെതിരെ നടപടി ഉണ്ടാകും. പൊലീസിന്റെ ഭാഗത്ത് വീഴ്ച്ച വന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് നടപടിയെടുക്കും .ഇക്കാര്യത്തിൽ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട് . പ്രതികൾക്ക് എസ്കോർട്ടിന് സീനിയർ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും ഡിജിപി പറഞ്ഞു.
ടിപി കേസിലെ പ്രതികൾ പരോളിൽ ഇറങ്ങുമ്പോൾ വീണ്ടും കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ടുകൾ വന്നിരുന്നു . എന്നിട്ടും പൊലീസ് ജാഗ്രത പുലർത്തിയില്ലെന്ന് ഡിജിപി ചൂണ്ടിക്കാട്ടി. കണ്ണൂരിൽ രാഷ്ട്രീയ സംഘർഷങ്ങൾക്ക് ശമനമുണ്ടെങ്കിലും ക്രമസമാധാനപാലനത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തദ്ദേശനിയമസഭ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ പൊലീസ് കൂടുതൽ ജാഗ്രത പുലർത്തണം . വരും മാസങ്ങളിൽ ചെയ്യേണ്ട കർമ്മപദ്ധതികളും യോഗത്തി അവലോകനം ചെയ്തു . ലഹരി മാഫിയയ്ക്കൊപ്പം സമൂഹത്തിൽ ഗുണ്ടകളും പിടിമുറുക്കുന്നതിനാൽ ഇത്തരക്കാരെ അടിച്ചമർത്താനും നിർദേശം നൽകി.

