കോഴിക്കോട് : ഷിംജിത മുസ്തഫയെ അറസ്റ്റ് ചെയ്യാൻ വൈകിയതിൽ വിമർശിച്ച് ദീപക്കിന്റെ കുടുംബം . പോലീസ് ഷിംജിതയെ സഹായിക്കാൻ ശ്രമിച്ചുവെന്നും കുടുംബം ആരോപിച്ചു. നിയമം പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെയല്ലേ എന്നും അവർ ചോദിച്ചു.
ഷിംജിതയെ പോലീസ് വാഹനത്തിന് പകരം സ്വകാര്യ വാഹനത്തിൽ കൊണ്ടുപോയത് എന്തുകൊണ്ടാണെന്നും പോലീസ് അറസ്റ്റ് ചെയ്യാൻ വൈകിയതെന്താണെന്നും കുടുംബം ചോദിച്ചു. അറസ്റ്റ് വൈകിയത് കാരണം തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. ഒരു പ്രതിക്ക് ഇത്രയധികം സംരക്ഷണം നൽകുന്നത് എന്തുകൊണ്ടാണെന്നും അവർ ചോദിച്ചു.
ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയിലാണ് ഷിംജിതയെ അറസ്റ്റ് ചെയ്തത്. വടകരയിലെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് ഷിംജിത പിടിയിലായത് . കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക് ബസിൽ വെച്ച് ലൈംഗികാതിക്രമം കാട്ടിയെന്ന് ആരോപിച്ചാണ് ഷിംജിത സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചത് . പിന്നാലെ ദീപക് ജീവനൊടുക്കി.
ഷിംജിത മുസ്തഫയ്ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. സംഭവം നടന്ന് ആറാം ദിവസമാണ് ഷിംജിതയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഷിംജിതയെ നിലവിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. യുവതിയെ മഞ്ചേരി ജയിലിലേക്ക് മാറ്റും.

