കൊല്ലം: കൊല്ലം മേയർ ഹണി ബെഞ്ചമിന്റെ വീട്ടിൽ കത്തിയുമായി ഒരാൾ എത്തി വധഭീഷണി മുഴക്കിയതായി പരാതി. 14-ാം തീയതി രാവിലെ 7 മണിയോടെ ഉളിയക്കോവിലിലെ വൈദ്യശാല ജംഗ്ഷനിലുള്ള മേയറുടെ വീട്ടിലെത്തിയ യുവാവ് കടകളിൽ നിന്നും നാട്ടുകാരിൽ നിന്നും മേയറെക്കുറിച്ച് അന്വേഷിച്ചു. മീൻ കച്ചവടക്കാരിയായ റോസമ്മയാണ് യുവാവിന്റെ കൈവശം ഒരു കത്തി കണ്ടതിനെ തുടർന്ന് സംശയം തോന്നി മേയറെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചത്.
റോസമ്മയിൽ നിന്ന് മേയറെക്കുറിച്ച് അന്വേഷിച്ച യുവാവ് മേയറെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. വീടിനടുത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, യുവാവ് മുമ്പ് പലതവണ കത്തിയുമായി മേയറുടെ വീട്ടിൽ എത്തിയതായി കണ്ടെത്തി. മേയർ സിറ്റി പോലീസ് കമ്മീഷണർക്കും കൊല്ലം ഈസ്റ്റ് പോലീസിനും പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളിൽ പ്രതിയുടെ മുഖം വ്യക്തമല്ല.

