കൊച്ചി : ഒരുമിച്ച് ചിരിച്ച് കളിച്ച് ചായ കുടിച്ച് പിരിഞ്ഞ സുഹൃത്തുക്കൾ ഒരു നിമിഷം കൊണ്ട് ഇല്ലാതായതിന്റെ ഞെട്ടലിലാണ് ദേവിക, ഗോപിക, ഇജാസ് എന്നിവരുടെ സുഹൃത്തുക്കൾ. മൂവർക്കും 21 വയസ്സായിരുന്നു പ്രായം . നെടുമ്പാശ്ശേരി വിമാനത്താവള റോഡിൽ മിനി കൂപ്പർ കാർ സ്കൂട്ടറിൽ ഇടിച്ചായിരുന്നു അപകടം
ഏവിയേഷൻ പഠനത്തോടൊപ്പം തൃക്കാക്കരയിലെ ഒരു പുരാവസ്തു കടയിൽ പാർട്ട് ടൈമായി ജോലി ചെയ്യുകയായിരുന്നു ഇവർ. ജോലിക്ക് ശേഷം സുഹൃത്തുക്കളോടൊപ്പം ചായ കുടിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. ഇവരുടെ സുഹൃത്തുക്കൾ രണ്ട് ബൈക്കുകളിലായി പിന്നാലെ വരുന്നുണ്ടായിരുന്നു. സന്തോഷത്തോടെ മടങ്ങുകയായിരുന്ന സുഹൃത്തുക്കളാണ് നിമിഷങ്ങൾക്കുള്ളിൽ വിട പറഞ്ഞത്.
കാർ ഓടിച്ചിരുന്ന സുഹൈൽ സജീവിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് സംശയിക്കുന്നു. അപകടത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച സുഹൈൽ എന്തുണ്ടെങ്കിലും തന്റെ കുടുംബം നോക്കിക്കൊള്ളുമെന്ന് ആക്രോശിച്ചതായി നാട്ടുകാർ പറയുന്നു. സ്കൂട്ടറിനെ ഏകദേശം 100 മീറ്ററോളം വലിച്ചിഴച്ച ശേഷമാണ് കാർ നിന്നത്.
സ്കൂട്ടറിലുണ്ടായിരുന്ന മൂന്നുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പാലക്കാട് സ്വദേശിയാണ് ഗോപിക, ദേവിക വയനാട് സ്വദേശിയും , ഇജാസ് കർണാടക സ്വദേശിയുമാണ്.

