തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണ കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെതിരെ നടപടിയെടുക്കാൻ സിപിഎം . നിലവിൽ അദ്ദേഹം പാർട്ടിയുടെ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ്. അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയേക്കുമെന്നാണ് സൂചന .
ഇന്ന് ആരംഭിച്ച സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനം എടുക്കും. തുടർന്ന് അത് പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ അറിയിക്കും. തുടർ നടപടികൾ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് നടപ്പിലാക്കും. അദ്ദേഹത്തിന്റെ അറസ്റ്റ് പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നാണ് വിലയിരുത്തൽ . തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, പാർട്ടിയുടെ മുഖം രക്ഷിക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം പൊതുവെ ഉയർന്നിട്ടുണ്ട്.
അറസ്റ്റ് ഒഴിവാക്കാൻ പത്മകുമാർ നിരവധി രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ടിരുന്നു, പക്ഷേ അവരെല്ലാം അദ്ദേഹത്തെ ഒറ്റപ്പെടുത്തി. എസ്ഐടിയുടെ അന്വേഷണത്തിൽ പാർട്ടി ഇടപെടില്ലെന്നാണ് റിപ്പോർട്ട് . ആരെയും സംരക്ഷിക്കുന്ന നിലപാട് പാർട്ടി സ്വീകരിക്കില്ലെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ഇന്നലെ പറഞ്ഞിരുന്നു.
രാഷ്ട്രീയ പ്രവർത്തനങ്ങൾക്കൊപ്പം, 80 കളിൽ പത്മകുമാർ കാർ ബിസിനസ്സ്, റിയൽ എസ്റ്റേറ്റ്, സിമന്റ് ബിസിനസും നടത്തിയിരുന്നു. നാലക്കലിക്കൽ ആറന്മുള സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായിരിക്കെ നടന്ന സാമ്പത്തിക ക്രമക്കേടുകളിൽ അദ്ദേഹത്തിനെതിരെ വലിയ വിവാദം ഉയർന്നുവന്നു. ഒരുകാലത്ത് കടുത്ത സാമ്പത്തിക തകർച്ചയുടെ വക്കിലെത്തിയിരുന്ന പത്മകുമാർ പിന്നീട് ഉയർന്ന സാമ്പത്തിക നിലയിലേക്ക് ഉയർന്നത് എങ്ങനെയെന്നും പാർട്ടി ചർച്ച ചെയ്തിരുന്നു.

