തിരുവനന്തപുരം : മുൻ സിപിഎം എംഎൽഎ പി ഐഷ പോറ്റി കോൺഗ്രസിലേക്ക് . പാർട്ടിയുടെ പ്രതിഷേധ വേദിയിലെത്തിയാണ് ഐഷാ പോറ്റി അംഗത്വം സ്വീകരിച്ചത് . കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിൽ നിന്ന് അംഗത്വം സ്വീകരിച്ചപ്പോൾ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അവരെ സ്വാഗതം ചെയ്തു. മൂന്ന് പതിറ്റാണ്ടായി നീണ്ടുനിന്ന സിപിഎമ്മുമായുള്ള ബന്ധമാണ് ഐഷാ പോറ്റി അവസാനിപ്പിച്ചത്.
കുറച്ചുനാളായി സിപിഎമ്മുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു ഐഷ പോറ്റി . ആരോഗ്യപ്രശ്നങ്ങൾ കാരണം സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. വളരെക്കാലം സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റി അംഗമായിരുന്നു അവർ. ആർ ബാലകൃഷ്ണപിള്ളയെ പരാജയപ്പെടുത്തിയാണ് ഐഷ ആദ്യമായി നിയമസഭയിൽ പ്രവേശിച്ചത്. കൊട്ടാരക്കരയിൽ നിന്ന് മൂന്ന് തവണ എംഎൽഎയായി.
വിമർശനങ്ങളെ ഭയപ്പെടുന്നില്ലെന്ന് കോൺഗ്രസിൽ ചേർന്നതിനുശേഷം, ഐഷ പോറ്റി പ്രതികരിച്ചു. “എന്റെ ജന്മനാട്ടിലെ സഖാക്കളുമായി ഞാൻ ഇപ്പോഴും സൗഹൃദത്തിലാണ്. തീരുമാനമെടുക്കുന്നവരിൽ ചുരുക്കം ചിലർ മാത്രമാണ് എനിക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചത്. തുടക്കത്തിൽ ഞാൻ വിശ്വസിച്ച പ്രസ്ഥാനം എനിക്ക് വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിച്ചു. എന്നെ ഞാനാക്കിയത് എന്റെ ജന്മനാടാണ്. അധികാരത്തിനായി ഞാൻ ഇവിടെയില്ല. ഞാൻ ജനങ്ങളിൽ ഒരാളാണ്,’ ഐഷ വ്യക്തമാക്കി. കൊട്ടാരക്കരയിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഐഷ പോറ്റി യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് സൂചനയുണ്ട്.

