കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കമായി. പൊതുസമ്മേളന നഗരിയായ ആശ്രാമം മൈതാനത്ത് വൈകിട്ട് സ്വാഗതസംഘം ചെയർമാൻ കെ എൻ ബാലഗോപാൽ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. പതാക, ദീപശിഖ, കൊടിമര ജാഥകളുടെ സംഗമത്തിന് ശേഷമായിരുന്നു പതാക ഉയർത്തിയത്.
പ്രതിനിധി സമ്മേളനം നടക്കുന്ന സി കേശവൻ സ്മാരക ടൗൺഹാളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതിന് പതാക ഉയരും. പൊളിറ്റ് ബ്യൂറോ അംഗവും കേന്ദ്ര കമ്മിറ്റി കോ -ഓർഡിനേറ്ററുമായ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
മാർച്ച് 6 മുതൽ 9 വരെയാണ് സംസ്ഥാന സമ്മേളനം. മധുരയിൽ ഏപ്രിൽ 2 മുതൽ 6 വരെ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായിയാണ് സമ്മേളനം. ആശ്രാമം മൈതാനിയിലെ സീതാറാം യെച്ചൂരി നഗറും കോർപ്പറേഷൻ ടൗൺഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറുമാണ് വേദികൾ.
44 നിരീക്ഷകരുൾപ്പടെ 530 പേരാണ് ഇത്തവണ സമ്മേളന പ്രതിനിധികളായിട്ടുള്ളത്. 30 വർഷത്തിനു ശേഷമാണ് സിപിഎം സംസ്ഥാന സമ്മേളനത്തിനു കൊല്ലം ആതിഥ്യം വഹിക്കുന്നത്. ഇത് മൂന്നാം തവണയാണ് കൊല്ലത്ത് സംസ്ഥാന സമ്മേളനം നടക്കുന്നത്.
വ്യാഴാഴ്ച രാവിലെ 10ന് ടൗൺ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി പതാക ഉയർത്തും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കുന്ന ‘നവകേരളത്തിനുള്ള പുതുവഴികൾ’ എന്ന രേഖ സമ്മേളനത്തിൽ ചർച്ച ചെയ്യും.
മാർച്ച് 9 ന് 25000 റെഡ് വോളണ്ടിയർമാരുടെ മാർച്ച്, രണ്ടര ലക്ഷം പേർ അണിനിരക്കുന്ന പ്രകടനം, പൊതുസമ്മേളനം എന്നിവയോടെ സമ്മേളനം സമാപിക്കും.