കൊല്ലം : സ്വതന്ത്രസ്ഥാനാർത്ഥിയ്ക്ക് നേരെ സിപിഐ പ്രവർത്തകരുടെ ഭീഷണി . കൊല്ലം കൊട്ടാരക്കര ഉമ്മന്നൂർ പൊലിക്കോട് ഒൻപതാം ഡിവിഷനിലെ സ്വതന്ത്രസ്ഥാനാർത്ഥി ഷീജയ്ക്കും , ഭർത്താവിനും എതിരെയാണ് സിപിഐ പ്രവർത്തകരുടെ ഭീഷണി . ഷീജയുടെ പോസ്റ്ററുകളും കീറി മാറ്റി എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പോസ്റ്റർ അതിനു മുകളിൽ പതിച്ചിട്ടുണ്ട്.
കഴിഞ്ഞ പത്ത് വർഷമായി സിപിഐയുടെ സജീവ പ്രവർത്തകയായിരുന്നു ഷീജ . ഇത്തവണ പാർട്ടി സീറ്റിൽ മത്സരിക്കാൻ താല്പര്യം അറിയിച്ചെങ്കിലും ഷീജയെ മത്സരിപ്പിക്കാൻ പാർട്ടി തയ്യാറായില്ല . തുടർന്ന് സ്വതന്ത്രയായി മത്സരിക്കാൻ ഷീജ തീരുമാനിക്കുകയായിരുന്നു. ശുപാർശ ചെയ്യാൻ ആളില്ലാത്തതിനാലാകാം തന്നെ മത്സരിപ്പിക്കാൻ തയ്യാറാകാതിരുന്നതെന്നാണ് ഷീജ പറയുന്നത് .
രാജ്യത്ത് ഭരണഘടന പ്രകാരം മത്സരിക്കാൻ അവകാശമുള്ളപ്പോൾ സിപിഐ ഭീഷണിയിലൂടെ അതിനെ എതിർക്കാൻ ശ്രമിക്കുന്നത് എന്തിനാണെന്നും ഷീജ ചോദിക്കുന്നു. കഴിഞ്ഞ ദിവസം ഷീജയുടെ ഭർത്താവിന്റെ മൊബൈൽ ഫോൺ , വാഹനത്തിന്റെ താക്കോൽ എന്നിവയും സിപിഐ പ്രവർത്തകർ തട്ടിയെടുത്ത് മാറ്റിയിരുന്നു. ഒടുവിൽ പൊലീസ് എത്തിയ ശേഷമാണ് അവ മടക്കി നൽകിയത് . തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഈ നാട്ടിൽ താമസിപ്പിക്കില്ലെന്ന ഭീഷണിയും ഇവർ മുഴക്കിയിട്ടുണ്ടെന്ന് ഷീജ പറഞ്ഞു . ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.

