വയനാട് ; മാനന്തവാടി വെള്ളമുണ്ടയിൽ അതിഥി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തിൽ ദമ്പതിമാർ പിടിയിൽ . ഉത്തർപ്രദേശ് സഹറാൻപൂർ സ്വദേശികളായ മുഹമ്മദ് ആരിഫ് , ഭാര്യ സൈനബ് എന്നിവരാണ് അറസ്റ്റിലായത്.
യുപി സ്വദേശിയായ മുഖീം അഹമ്മദ് ആണ് കൊല്ലപ്പെട്ടത് . മൂളിത്തോട് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത് . പ്രതികൾ യുവാവിനെ ക്വാർട്ടേഴ്സിലേയ്ക്ക് വിളിച്ചു വരുത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീയ്യ് മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് ബാഗിലാക്കി മാലിന്യമെന്ന വ്യാജേന ഉപേക്ഷിക്കുകയായിരുന്നു. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് കൊലപാതകം നടത്തിയതെന്ന് മുഹമ്മദ് ആരിഫ് പോലീസിനോട് പറഞ്ഞിരുന്നു. ഭാര്യ സൈനബും കൊലപാതകത്തിന് കൂട്ടു നിന്നു.
വെള്ളിയാഴ്ച്ച വൈകുന്നേരമാണ് സംഭവം . മുഹമ്മദ് ആരിഫ് ഓട്ടോയിൽ ബാഗുകളുമായി കയറുകയും , കല്ലോടി മൂളിത്തോട് പാലത്തിനു സമീപം എത്തിയപ്പോൾ ഓട്ടോറിക്ഷ നിർത്തിച്ച് ബാഗുകൾ പാലത്തിൽ നിന്ന് താഴേയ്ക്ക് എറിയുകയുമായിരുന്നു. സംശയം തോന്നിയ ഓട്ടോ ഡ്രൈവർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി ആരിഫിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

