തൃശൂർ: 35 കാരിയെ തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘം അറസ്റ്റിൽ. സംഘത്തിലെ മൂന്ന് പേർ ഉൾപ്പെട്ട മറ്റൊരു കേസ് അന്വേഷിക്കുന്നതിനിടെയാണ് പ്രതികളിൽ ഒരാളുടെ വീട്ടിൽ നിന്ന് യുവതിയെ പുതുക്കാട് പോലീസ് കണ്ടെത്തിയത്.
തൃശൂർ കല്ലൂർ നായരങ്ങാടി സ്വദേശികളായ ഗോപു എന്ന ഗോപകുമാർ (43), കോഴിക്കോട് മേലൂർ സ്വദേശികളായ അഭിനാഷ് പി ശങ്കർ (30), ആതിര (30), തൃശൂർ അളഗപ്പ നഗറിലെ ജിതിൻ ജോഷി (27), തിരുവനന്തപുരം വെള്ളറട സ്വദേശി അഞ്ജു (30) എന്നിവരാണ് പിടിയിലായത്.
യുവതിയും പ്രതികളിലൊരാളായ അഖിലും തമ്മിലുള്ള സാമ്പത്തിക തർക്കത്തെ തുടർന്നാണ് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. ഫെബ്രുവരി 28 ന് തൃശൂർ വെസ്റ്റ് ഫോർട്ടിലെ അരണാട്ടുകര റോഡിന് സമീപത്ത് വച്ച് സംഘം യുവതിയുടെ സ്കൂട്ടറിൽ കാർ കൊണ്ട് ഇടിപ്പിക്കുകയും , പിടിച്ച് വലിച്ച് കാറിലിട്ട് കൊണ്ടു പോകുകയുമായിരുന്നു. കാറിലിരിക്കെ, ഇരുമ്പ് വടി കൊണ്ട് തലയിൽ അടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മൊബൈൽ ഫോൺ തകർക്കുകയും ചെയ്തു.
2.5 പവന്റെ സ്വർണ്ണമാലയും 1.5 പവന്റെ സ്വർണ്ണ വളയും ഉൾപ്പെടെയുള്ള ആഭരണങ്ങളും മോഷ്ടിച്ചു. സ്ത്രീയെ ബലമായി ഗോപകുമാറിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് വീണ്ടും ആക്രമിച്ചു. തട്ടിക്കൊണ്ടുപോകലിന് ഉപയോഗിച്ച കാർ കൂടുതൽ അന്വേഷണത്തിനായി പോലീസ് പിടിച്ചെടുത്തു.