പാലക്കാട്: പാലക്കാട് എൻ ഡി എ സ്ഥാനാർത്ഥി ശോഭാസുരേന്ദ്രൻ വോട്ടർമാർക്ക് പണം വിതരണം ചെയ്തുവെന്ന ആരോപണത്തിന് ബലം നൽകുന്ന പുതിയ തെളിവുകൾ കോൺഗ്രസ് പുറത്തുവിട്ടു. പണം വിതരണം ചെയ്തതായി ആരോപിക്കപ്പെടുന്ന സ്ത്രീ ശോഭാസുരേന്ദ്രനൊപ്പം നിൽക്കുന്ന ഫോട്ടോകളാണ് കോൺഗ്രസ് പുറത്തുവിട്ടത്.
മുംബൈയിൽ താമസിക്കുന്ന മലയാളിയായ സിമി രാജീവ് ആണിതെന്നാണ് സൂചന . ഫോട്ടോകളിൽ, ബിജെപി പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിൽ ശോഭാ സുരേന്ദ്രനൊപ്പം അവർ നിൽക്കുന്നത് കാണാം . ഒപ്പം കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമാണ്. . സിമി രാജീവ് ശോഭാ സുരേന്ദ്രന്റെ മേൽ ഷാൾ അണിയിക്കുന്നതും ഇരുവരും ഹസ്തദാനം നൽകുന്നതും ചിത്രങ്ങളിൽ കാണാം.
അതേസമയം വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണം ശോഭാസുരേന്ദ്രൻ തള്ളി. ഇത് തന്റെ ജനസമ്മതിയെ കളങ്കപ്പെടുത്താൻ ഉദ്ദേശിച്ചുള്ള മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും ശോഭാസുരേന്ദ്രൻ പറഞ്ഞു .
“എനിക്കെതിരായ ആരോപണങ്ങൾ പൂർണ്ണമായും തെറ്റാണ്. പണം നൽകിയ സ്ത്രീയെ എനിക്കറിയില്ല, അവർ ഒരിക്കലും എന്റെ കാറിൽ ഉണ്ടായിരുന്നില്ല. ഇത് എന്നെ വേട്ടയാടാനുള്ള ലക്ഷ്യത്തോടെയുള്ള ശ്രമമാണ്. ഒരു സംഘം എന്റെ കാറിനെ പിന്തുടർന്നു, അതുകൊണ്ടാണ് ഞാൻ അവരുമായി സംസാരിക്കാൻ നിന്നത്. ദൃശ്യങ്ങളിൽ കാണുന്ന സ്ത്രീ എന്നോടൊപ്പമുണ്ടായിരുന്ന ആളല്ല, അവരുടെ മുഖം വ്യക്തമായി തിരിച്ചറിയാൻ കഴിയുന്നില്ല.” ശോഭാസുരേന്ദ്രൻ പറഞ്ഞു.
മാത്രമല്ല തന്നെ പിന്തുടർന്ന കാറിൽ ഉണ്ടായിരുന്ന യുവാവ് ലൈംഗിക ചേഷ്ടകൾ കാട്ടിയതായും ശോഭാസുരേന്ദ്രൻ പറഞ്ഞു . സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്നും അവർ പറഞ്ഞു.

