തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് സുരക്ഷിതമായ ഒളിത്താവളം ഒരുക്കിയത് കോൺഗ്രസാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ . എവിടെയായാലും രാഹുലിനെ കണ്ടെത്തും, ഷാഫി പറമ്പിൽ എംപിയെയും രാഹുലിനെയും ഒരേ നുകത്തിൽ കെട്ടിയിടാമെന്നും പത്രസമ്മേളനത്തിൽ എം വി ഗോവിന്ദൻ പറഞ്ഞു.
ശബരിമല സ്വർണ്ണ മോഷണക്കേസിനെ പറ്റിയും എം വി ഗോവിന്ദൻ പ്രതികരിച്ചു. “കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. സർക്കാർ ശരിയായ നിലപാട് സ്വീകരിച്ചു. ശബരിമലയിൽ മോഷണം നടത്തിയ ആരെയും വെറുതെ വിടില്ല, കുറ്റവാളികൾ നടപടികൾ നേരിടേണ്ടിവരും.” എം വി ഗോവിന്ദൻ പറഞ്ഞു .
അതേസമയം, കെ കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് സംസ്ഥാനത്ത് ഏറ്റവും വലിയ ക്ഷേത്ര സ്വർണ്ണ കൊള്ള നടന്നതെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻ വിജയം ലഭിക്കുമെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു. “കേരളത്തിൽ കടുത്ത ദാരിദ്ര്യം തുടച്ചുനീക്കപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വികസന റിപ്പോർട്ടിന്റെ തെളിവായിരിക്കും. ഇത്തവണ എൽഡിഎഫ് കണ്ണൂർ കോർപ്പറേഷൻ തിരിച്ചുപിടിക്കും. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയം വികസന വിരുദ്ധമാണെന്നും “ അദ്ദേഹം പറഞ്ഞു.

