തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയെ നിശിതമായി വിമർശിച്ചുകൊണ്ട് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി നടത്തിയ ഫോൺ സംഭാഷണം ചോർന്നത് വിവാദമാകുന്നു. പാർട്ടിയിൽ ഉയരുന്ന അസംതൃപ്തിയെക്കുറിച്ചും വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തെത്തുന്നതിനെക്കുറിച്ചുമാണ് പാലോട് രവി പറയുന്നത്.
. ഓഡിയോ വിവാദത്തിന് പിന്നാലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ മുന്നറിയിപ്പ് നൽകുന്നതിനായാണ് താൻ ഇത്തരത്തിൽ പറഞ്ഞതെന്നാണ് പാലോട് രവി മാധ്യമങ്ങളോട് പറഞ്ഞത്.
“ഡിസിസി പ്രസിഡന്റായതിനാൽ, പരാതിപ്പെടാൻ പലപ്പോഴും പലരും വിളിക്കുന്നുണ്ട് . അവർക്ക് പതിയിരിക്കുന്ന അപകടത്തെക്കുറിച്ച് ഞാൻ മുന്നറിയിപ്പ് നൽകുകയായിരുന്നു, തിരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ ഐക്യത്തിന്റെ ആവശ്യകതയെക്കുറിച്ച് അവരെ ഓർമ്മിപ്പിക്കുകയായിരുന്നു . തർക്കങ്ങളോ വ്യത്യാസങ്ങളോ ഉണ്ടെങ്കിലും അവ പരിഹരിക്കേണ്ടതുണ്ട്,” പാലോട് രവി പറഞ്ഞു.
“പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് വീഴും. നിയമസഭാ തിരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തേക്ക് പോകും . മുസ്ലീം വിഭാഗം മറ്റ് പാർട്ടികളിലേക്കും സിപിഎമ്മിലേക്കും പോകും, കുറച്ചുപേർ ബിജെപിയിൽ ചേരും. 60 നിർണായക നിയമസഭാ സീറ്റുകളിൽ ബിജെപി കടന്നുകയറും . മാർക്സിസ്റ്റ് പാർട്ടി മൂന്നാം തവണയും അധികാരത്തിൽ തിരിച്ചെത്തും. താഴെത്തട്ടിൽ ആളുകളുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു കോൺഗ്രസ് നേതാവ് പോലും ഇല്ല. നേതാക്കൾ പിന്നിൽ നിന്ന് കുത്താനുള്ള ഊഴത്തിനായി കാത്തിരിക്കുകയാണ്.”എന്നാണ് പാലോട് രവി ഫോണിൽ പറയുന്നത് .

