വയനാട്: പാർട്ടിയിലെ ഉന്നത നേതാക്കളുടെ പേരെഴുതിവെച്ച് ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനെതിരെ അധിക്ഷേപം തുടർന്ന് കോൺഗ്രസ്. പാർട്ടി കാരണമല്ല വിജയന്റെ ആത്മഹത്യ. വിജയൻ പേര് എഴുതിവെച്ചു എന്ന് കരുതി, ഐസി ബാലകൃഷ്ണനും അപ്പച്ചനും കുറ്റക്കാർ ആകില്ലെന്ന് ടി സിദ്ദിഖ് എം എൽ എ പറഞ്ഞു.
പാർട്ടി നേതാക്കളെ കുറിച്ച് പരാതിയുണ്ടായിരുന്നെങ്കിൽ എൻഎം വിജയൻ, പാർട്ടിയുടെ ആദ്യ അന്വേഷണ കമ്മീഷൻ മുമ്പാകെ ഉന്നയിക്കണമായിരുന്നു. വിജയന്റെ ബാധ്യതകൾ കോൺഗ്രസ് ഏറ്റെടുക്കില്ലെന്നും സിദ്ദിഖ് പറഞ്ഞു.
ആത്മഹത്യാ കുറിപ്പിൽ വിജയൻ പേരെടുത്തു പറയുന്ന എൻ ഡി അപ്പച്ചനും ആരോപണങ്ങൾ നിഷേധിച്ച് രംഗത്ത് വന്നു. ഒറ്റ പൈസ താൻ പറഞ്ഞിട്ട് വിജയൻ വാങ്ങിയിട്ടില്ല. ഇടപാട് താൻ പറഞ്ഞിട്ട് നടത്തിയിട്ടില്ല. മരിക്കാൻ വേണ്ടി പോകുന്നയാൾ മറ്റൊരാൾ കുടുങ്ങട്ടെ എന്ന് കരുതി പേര് എഴുതിവെച്ചതായിരിക്കാം.
വിജയൻ പണം വാങ്ങിച്ചു എന്നത് ശരിയാണ്. ഇടപാടുമായി ബന്ധപ്പെട്ട് വിജയൻ്റെ വസ്തു അറ്റാച്ച് ചെയ്തിട്ടുണ്ട്. വിജയന്റെ ബാധ്യതകൾ കോൺഗ്രസ് ഏറ്റെടുക്കേണ്ട കാര്യമില്ലെന്നും അപ്പച്ചൻ പറഞ്ഞു.
സാമ്പത്തിക ബാധ്യതകളെ തുടർന്ന് എൻ എം വിജയനും മകൻ സുൽത്താൻ ബത്തേരി അർബൻ സഹകരണ ബാങ്കിലെ മുൻ ജീവനക്കാരനുമായ ജിജേഷും ഡിസംബർ 27നാണ് ആത്മഹത്യ ചെയ്തത്. തൻ്റെ മണ്ഡലത്തിലെ കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് എം എൽ എ കൈക്കൂലി വാങ്ങിയതായി വിജയൻ കത്തിൽ ആരോപിച്ചിരുന്നു. കോൺഗ്രസ് നേതാക്കളുമായുള്ള സാമ്പത്തിക ഇടപാടുകൾ മൂലം തനിക്ക് വൻ കടബാധ്യതയുണ്ടെന്നും വിജയൻ ആരോപിച്ചിരുന്നു.
വിജയൻ മരിക്കുന്നതിന് മുമ്പ് എഴുതിയ ആറ് കത്തുകളിൽ വയനാട് എംപി പ്രിയങ്ക ഗാന്ധി, മുൻ വയനാട് എംപി രാഹുൽ ഗാന്ധി, വി ഡി സതീശൻ, കെ സുധാകരൻ എന്നിവരെ അഭിസംബോധന ചെയ്ത കത്തുകളും ഉണ്ടായിരുന്നു. തൻ്റെ 50 വർഷത്തെ ജീവിതം കോൺഗ്രസിനായി സമർപ്പിച്ചെന്നും സാമ്പത്തിക ബാധ്യതയിൽ ക്ഷമ ചോദിക്കുന്നതായും ഒരു കത്തിൽ വിജയൻ പറഞ്ഞിരുന്നു. പാർട്ടി ചുമത്തിയ ബാധ്യതകൾ നികത്താൻ ബാങ്ക് ലോണായി താൻ എടുത്ത 55 ലക്ഷം രൂപയോളം കടമുണ്ടെന്നും കത്തിൽ സൂചിപ്പിച്ചിരുന്നു.
എം.എൽ.എ ബാലകൃഷ്ണൻ അഞ്ചുലക്ഷം രൂപ വായ്പ തിരിച്ചടക്കാത്തതിന്റെ ബാധ്യതയും തന്റെ പേരിലായി. അപ്പച്ചൻ കടം വാങ്ങിയ 10 ലക്ഷം രൂപയ്ക്ക് താൻ ഈട് നൽകിയെന്നും വിജയൻ കത്തിൽ പറഞ്ഞിരുന്നു.