തിരുവനന്തപുരം: നാളെ കേരളത്തിൽ ബസുകൾ ഓടുമെന്നുമുള്ള ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ പ്രസ്താവന തള്ളി ഇടത് നേതാക്കളും സംഘടനകളും. ആരെങ്കിലും നാളെ കെഎസ്ആർടിസി ബസ് നിരത്തിൽ ഇറക്കിയാൽ അപ്പോൾ കാണാമെന്ന് എൽഡിഎഫ് കൺവീനർ കൂടിയായ സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ. തടയാൻ തൊഴിലാളികൾ ഉണ്ടല്ലോ എന്നും രാമകൃഷ്ണൻ ഓർമ്മിപ്പിച്ചു.
ഗതാഗത മന്ത്രിയുടെ പ്രസ്താവന പണിമുടക്കിനെ ബാധിക്കുന്നതാണെന്നും മന്ത്രിയുടെ ഓഫീസിനെ ആരെങ്കിലും തെറ്റിധരിപ്പിച്ചതാകുമെന്നും ടി പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു. കേന്ദ്ര തൊഴിൽ നയങ്ങൾക്ക് എതിരെയാണ് സമരമെന്നും അത് കെ എസ് ആർ ടി സി ജീവനക്കാരെയും ബാധിക്കുന്നതാണെന്നും അദ്ദേഹം വിവരിച്ചു. സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഇറക്കാതെ സഹകരിക്കണമെന്നും കടകൾ തുറക്കരുതെന്നും ടി പി രാമകൃഷ്ണൻ അഭ്യർഥിച്ചു.
നാളത്തെ ദേശീയ പണിമുടക്കിന് കെഎസ്ആർടി സി യൂണിയനുകൾ നോട്ടീസ് നൽകിയിട്ടില്ലെന്നാണ് നേരത്തെ ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാർ പറഞ്ഞത്. അതുകൊണ്ടുതന്നെ നാളെ കെ എസ് ആർ ടി സി ബസുകൾ സർവീസ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് ഇടത് സംഘടനകളും നേതാക്കളും രംഗത്ത് എത്തിയത്.

