കോഴിക്കോട്: പാളയം മാർക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റുന്നതിനെതിരെ സമരം ചെയ്യുന്നവരെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . വികസനം അംഗീകരിക്കാൻ ചിലർക്ക് എപ്പോഴും ബുദ്ധിമുട്ടായിരിക്കുമെന്നും ,പ്രതിഷേധത്തിന്റെ മറവിൽ നിരവധി നാടകങ്ങൾ കാണാൻ നമ്മൾ നിർബന്ധിതരാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് പുതിയ പാളയം മാർക്കറ്റ് ഉദ്ഘാടനം ചെയ്ത് വ്യാപാരികൾക്ക് താക്കോൽ കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി . ‘ പ്രതിപക്ഷം നേട്ടങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു. പ്രതിഷേധത്തിന്റെ മറവിൽ നിരവധി നാടകങ്ങൾ കാണാൻ നമ്മൾ നിർബന്ധിതരാകുന്നു. സമൂഹത്തിൽ നടക്കുന്ന നല്ല കാര്യങ്ങൾ അംഗീകരിക്കാത്തതിന് പിന്നിലെ ഉദ്ദേശ്യം എന്താണ്? സംസ്ഥാനത്തിന് ഗുണം ചെയ്യുന്ന കാര്യങ്ങൾ നമ്മൾ അംഗീകരിക്കേണ്ടതല്ലേ?
ഉദ്ഘാടന പരിപാടിയിൽ നിന്ന് പ്രതിപക്ഷം വിട്ടുനിൽക്കുകയാണ്. കോൺഗ്രസും ലീഗും അംഗങ്ങളല്ല. ഒരു പ്രാദേശിക എംപിയും പരിപാടിയിൽ ഇല്ല.സർക്കാർ കൊണ്ടുവരുന്ന ഓരോ സംരംഭത്തിലും പ്രതിഷേധിക്കുന്നത് പ്രതിപക്ഷത്തിന് അനുയോജ്യമല്ല. ആളുകൾ എല്ലാം തിരിച്ചറിയുന്നു. പ്രതിപക്ഷം നിലപാട് മാറ്റുമെന്ന് ഞാൻ കരുതുന്നില്ല. പദ്ധതിയുടെ ഗുണങ്ങൾ ജനങ്ങൾക്ക് മനസ്സിലാകും.” പിണറായി പറഞ്ഞു.
കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റുന്നതിനെതിരെ ഒരു വിഭാഗം വ്യാപാരികളാണ് പ്രതിഷേധിക്കുന്നത്. ഇന്ന് രാവിലെ ഉദ്ഘാടന സ്ഥലത്തിന് സമീപം രണ്ട് വിഭാഗങ്ങൾ തമ്മിൽ ഉണ്ടായ വാക്ക് തർക്കം പിന്നീട് ഏറ്റുമുട്ടലായി മാറി.

