ന്യൂഡൽഹി: യെമനിൽ വധശിക്ഷ നേരിടുന്ന നഴ്സ് നിമിഷ പ്രിയയെ രക്ഷിക്കാൻ കേന്ദ്രത്തിൽ നിന്ന് അടിയന്തര നയതന്ത്ര ഇടപെടൽ നടത്തുന്നതായി കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു . നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ കേന്ദ്രസർക്കാർ ഇടപെടൽ ആവശ്യമാണെന്ന് കാട്ടി നൽകിയ ഹർജി പരിഗണിക്കവേയായിരുന്നു അറ്റോർണി ജനറൽ ആർ വെങ്കട്ടരമണി ഇക്കാര്യം അറിയിച്ചത് .
‘ കേന്ദ്ര സർക്കാർ സാധ്യമായ എല്ലാ നയതന്ത്ര ശ്രമങ്ങളും നടത്തുന്നുണ്ട് . ചർച്ചകളും നടക്കുന്നു. കേന്ദ്ര സർക്കാരിന് മുന്നോട്ട് പോകാൻ കഴിയുന്ന ഒരു ഘട്ടമുണ്ട്. ഞങ്ങൾ അതിൽ എത്തിയിട്ടുണ്ട് . വധശിക്ഷ വൈകിപ്പിക്കാൻ യെമൻ പബ്ലിക് പ്രോസിക്യൂട്ടറുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതിനായി യെമനിൽ സ്വാധീനമുള്ള ഷെയ്ഖിന്റെ സഹായം തേടുന്നുണ്ട് .എന്നാൽ കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ ബ്ലഡ് മണി വാങ്ങാൻ കൂട്ടാക്കാത്തതാണ് പ്രശ്നം വഷളാക്കുന്നത് . കുടുംബത്തിന്റെ അഭിമാനപ്രശ്നമായാണ് അവർ ഇതിനെ കാണുന്നതെന്നും ‘ വെങ്കട്ടരമണി കോടതിയെ അറിയിച്ചു.
അതേസമയം വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിമിഷയുടെ അമ്മ പ്രേമകുമാരി യെമൻ സർക്കാരിന് ഹർജി നൽകി.വധശിക്ഷ 16 ന് നടപ്പാക്കരുതെന്നും , കൊല്ലപ്പെട്ട യെമൻ പൗരനായ തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായുള്ള ചർച്ചകൾ പുരോഗമിക്കുമെന്നും ഹർജിയിൽ പറയുന്നു. ബ്ലഡ് മണി വിഷയത്തിൽ സമവായത്തിലെത്തുമെന്നാണ് കുടുംബവും ആക്ഷൻ കൗൺസിലും പ്രതീക്ഷിക്കുന്നത്.

