തിരുവനന്തപുരം: സുരേഷ് ഗോപി ചിത്രം ‘ജെ.എസ്.കെ – ജാനകി. വി v/s സ്റ്റേറ്റ് ഓഫ് കേരള’ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ സെൻസർ ബോർഡ് അനുമതി നൽകി. വീണ്ടും എഡിറ്റ് ചെയ്ത പതിപ്പിനാണ് സെൻസർ ബോർഡ് അംഗീകാരം നൽകിയത് . എട്ട് മാറ്റങ്ങളോടെയാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. ചിത്രത്തിന്റെ പേരും കോടതി രംഗങ്ങളും വെട്ടിക്കുറച്ചിട്ടുണ്ട്.
ജെ.എസ്.കെ. – ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള” എന്ന ചിത്രത്തിന്റെ പേര് മാറ്റാനും സിനിമയിലെ കോടതി രംഗം എഡിറ്റ് ചെയ്യാനും നിർമ്മാതാക്കൾ സമ്മതിച്ചിരുന്നു . ഇതിനെത്തുടർന്ന്, എഡിറ്റ് ചെയ്ത പുതിയ ചിത്രം സെൻസർ ബോർഡിന് മുന്നിൽ അവതരിപ്പിച്ചു. ക്രോസ് വിസ്താര രംഗങ്ങളിൽ ജാനകി എന്ന പേര് പരാമർശിക്കുന്ന ഭാഗം നിശബ്ദമാക്കും.
ഇക്കാര്യത്തിൽ, നിർമ്മാതാക്കളായ കോസ്മോസ് എന്റർടൈൻമെന്റ്, കേന്ദ്ര സെൻസർ ബോർഡ് ഹൈക്കോടതിയിൽ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ അംഗീകരിച്ചിരുന്നു. ചിത്രത്തിൽ അഡ്വക്കേറ്റ് ഡേവിഡ് ആബേൽ ഡോണോവന്റെ വേഷത്തിലാണ് സുരേഷ് ഗോപി അഭിനയിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം അനുപമ പരമേശ്വരന്റെ മോളിവുഡിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ജെഎസ്കെ. സുരേഷ് ഗോപി തൻ്റെ മകൻ മാധവിനൊപ്പം ആദ്യമായി സ്ക്രീൻ പങ്കിടുന്ന ചിത്രവുമാണിത്.
അതേസമയം ചിത്രത്തിന് പ്രദർശനാനുമതി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സംവിധാകൻ പ്രവീൺ നാരായണൻ പറഞ്ഞു . ഒപ്പം നിന്നവർക്കും അദ്ദേഹം നന്ദി അറിയിച്ചു.

