തിരുവനന്തപുരം : കോടിക്കണക്കിന് രൂപയുടെ കശുവണ്ടി അഴിമതിക്കേസിലെ ഒന്നാം പ്രതിയും കേരള കശുവണ്ടി വികസന കോർപ്പറേഷന്റെ മുൻ മാനേജിംഗ് ഡയറക്ടറുമായ കെ.എ. രതീഷ് സർക്കാർ പദവികൾ ഒഴിയുന്നു. നിലവിൽ കേരള ഖാദി ബോർഡ് സെക്രട്ടറിയാണ് രതീഷ്. രതീഷിനോട് ആ സ്ഥാനത്ത് നിന്ന് രാജിവയ്ക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദ്ദേശിച്ചതായാണ് റിപ്പോർട്ടുകൾ .
അഴിമതി കേസിൽ കുറ്റപത്രം നേരിട്ടിട്ടും രതീഷ് ഖാദി ബോർഡ് സെക്രട്ടറിയായി തുടരുന്നതിൽ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് രതീഷിന്റെ രാജി . സർക്കാരിൽ നിന്ന് കോടതി റിപ്പോർട്ട് തേടുകയും സി.ബി.ഐയ്ക്ക് നോട്ടീസ് അയയ്ക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. രതീഷ് റുട്രോണിക്സിന്റെ മാനേജിംഗ് ഡയറക്ടറായും ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും സേവനമനുഷ്ഠിച്ചിരുന്നു.
അതേസമയം, കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിലെ പ്രതികൾക്കെതിരെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തണമെന്ന് ആവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിച്ചു. ഗൂഢാലോചന കുറ്റങ്ങൾക്കൊപ്പം, ഒന്നാം പ്രതി കെ.എ. രതീഷിനും മൂന്നാം പ്രതി ആർ. ചന്ദ്രശേഖരനുമെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ കൂടി ചേർക്കാൻ തിരുവനന്തപുരത്തെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

