കാവൻ: കൗണ്ടി കാവനിലെ നദിയിൽ ചത്തുപൊന്തിയത് നാലായിരത്തിലധികം മീനുകൾ. ഇൻലാൻഡ് ഫിഷറീസ് അയർലൻഡിന്റേതാണ് നിഗമനം. ചൊവ്വാഴ്ച ആയിരുന്നു കാവൻ ടൗൺ നദിയിൽ മീനുകൾ കൂട്ടത്തോടെ ചന്ത് പൊന്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഏകദേശം 4500 മീനുകളുടെ ജഡങ്ങളാണ് നദിയിൽ കണ്ടെത്തിയത് എന്നാണ് സംശയിക്കുന്നത്. കാവൻ ടൗൺ നദിയിൽ രണ്ട് കിലോമീറ്റർ മേഖലയിൽ ആയിരുന്നു മീനുകളെ കണ്ടത്. ബ്രൗൺ ട്രൗട്ട്, യൂറോപ്യൻ ഈൽ, റോച്ച്, മിന്നൗ തുടങ്ങിയ മീനുകൾ ചത്തവയിൽ ഉണ്ട്. ഇതിന് പുറമേ ക്രേ ഫിഷും മറ്റ് ചില നാടൻ മത്സ്യങ്ങളും ചത്തുപൊന്തിയിട്ടുണ്ട്. വിവരം അറിഞ്ഞതിന് പിന്നാലെ ഐഎഫ്ഐ സ്ഥലത്ത് എത്തി പരിശോധന നടത്തി. സാമ്പിളുകൾ പരിശോധനകൾക്കായി ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ കോർക്കിലെ നദിയിൽ 32000 മത്സ്യങ്ങളാണ് ചത്ത് പൊന്തിയത്.

