തൃശൂർ: ഗുരുവായൂരിലെ തുളസിത്തറയിൽ ഗുഹ്യരോമം പറിച്ചെറിഞ്ഞ സംഭവത്തിൽ ഒടുവിൽ കേസെടുത്ത് പോലീസ്. ചാവക്കാട് അകലാട് സ്വദേശിയായ ചില്ലിക്കൽ വീട്ടിൽ അബ്ദുൾ ഹക്കീം (48) എന്നയാൾക്കെതിരെ ഗുരുവായൂർ ടെമ്പിൾ പോലീസാണ് സ്വമേധയാ കേസെടുത്തത്. പ്രതി 25 വർഷത്തോളമായി മാനസിക വൈകല്യമുള്ള ആളാണെന്നും അതിനുള്ള ചികിത്സയിലാണെന്നും അന്വേഷണത്തിൽ അറിവായിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
ഗുരുവായൂർ ക്ഷേത്രത്തിന്റെ സമീപത്തുള്ള സ്ഥാപനത്തിനോട് ചേർന്നുള്ള തുളസിത്തറയിൽ യുവാവ് ഗുഹ്യരോമം പറിച്ചെറിയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചകൾ നടന്നിരുന്നു, തുളസിത്തറയെ അവഹേളിച്ചയാൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്ത് വന്നിരുന്നു.
എന്നാൽ ആദ്യം യുവാവ് മാനസിക വൈകല്യമുള്ള ആളാണെന്ന വിശദീകരണം മാത്രമാണ് പോലീസ് നൽകിയിരുന്നത്. സംഭവത്തിന്റെ വീഡിയോ ഷെയർ ചെയ്യുന്നതും ഇതുമായി ബന്ധപെട്ട് സമൂഹ സ്പർദ്ധ വളർത്തുന്ന രീതിയിലുള്ള പോസ്റ്റുകൾ ഷെയർ ചെയ്യുന്നവരും കർശനമായ നിയമ നടപടികൾക്ക് വിധേയമാകുന്നതായിരിക്കുമെന്ന മുന്നറിയിപ്പും പോലീസ് നൽകിയിരുന്നു.
അതേസമയം പ്രതി ഹക്കീം ഗുരുവായൂർ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില് ഉള്ള നാഷണൽ പാരഡൈസ് ഫാമിലി റെസ്റ്റോറന്റിന്റെ ഉടമയാണെന്ന വാർത്ത വൈകാതെ പുറത്ത് വന്നു. ഇതോടെ, തൃശൂർ സിറ്റി പോലീസിന്റെ മുന്നറിയിപ്പിന് താഴെ നിരവധി പേർ അഭിപ്രായ പ്രകടനങ്ങളുമായി രംഗത്ത് വന്നു.
25 വർഷമായി മാനസിക വൈകല്യത്തിന് ചികിത്സയിൽ ഇരിക്കുന്ന ഒരാൾക്ക് എങ്ങനെയാണ് 15 വർഷത്തോളമായി റെസ്റ്റോറന്റ് നടത്താൻ അനുമതി ലഭിക്കുന്നതെന്ന് ചിലർ ചോദിച്ചു. ഇത്തരത്തിൽ കുറ്റകരമായ പ്രവൃത്തികളിൽ ഏർപ്പെടുന്ന ഒരാളുടെ സ്ഥാപനത്തിൽ നിന്നും വിശ്വസിച്ച് എങ്ങനെയാണ് ഭക്ഷണം കഴിക്കുക എന്നും ചോദ്യങ്ങൾ ഉയർന്നു. മോശം ഭക്ഷണം വിതരണം ചെയ്തതിന്, ഇതിന് മുൻപ് റെസ്റ്റോറന്റ് അടപ്പിച്ചിട്ടുണ്ടെന്നും ചിലർ ചൂണ്ടിക്കാട്ടി.
ഇതിന് പിന്നാലെ, ഹക്കീമിനെതിരെ കേസെടുത്തു എന്ന വിശദീകരണവുമായി പോലീസ് രംഗത്ത് വരികയായിരുന്നു.