പത്തനംതിട്ട : ശബരിമല സ്വർണ്ണമോഷണക്കേസിൽ പ്രത്യേക അന്വേഷണ സംഘം വിദഗ്ധ സംഘത്തോടൊപ്പം സന്നിധാനത്തെത്തി പരിശോധന ആരംഭിച്ചു. മുമ്പ് സാമ്പിളുകൾ പരിശോധിച്ചപ്പോൾ വിദഗ്ധരുടെ അഭാവം ഉണ്ടായെന്ന ആരോപണത്തെ തുടർന്നാണ് ഇപ്പോൾ ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ പരിശോധന നടക്കുന്നത്. മിഥുനമാസപൂജകൾക്കായി ക്ഷേത്രം തുറന്നതിനൊപ്പമാണ് പരിശോധനയും നടക്കുന്നത്.
സന്നിധാനത്തെ പ്രഭാമണ്ഡലവും, കട്ടിളപ്പാളിയുടെ താഴത്തെ ഭാഗവും ഇളക്കിയാണ് സംഘം പരിശോധന നടത്തുന്നത് . ഇത്തവണ സാമ്പിൾ ശേഖരണം ഉണ്ടാവില്ലെന്നാണ് സൂചന. പകരം സ്വർണ്ണപ്പാളികൾ ഇളക്കി അവിടെവച്ച് തന്നെ വിദഗ്ധരുടെ സാന്നിധ്യത്തിൽ പരിശോധന പൂർത്തിയാക്കാനണ് എസ് ഐ ടി പദ്ധതിയിട്ടിരിക്കുന്നത്. ഹൈക്കോടതി നിർദേശപ്രകാരം കൂടുതൽ കൃത്യത ഉറപ്പ് വരുത്താണ് ഇത്തരത്തിലുള്ള പരിശോധന.
മിഥുന മാസ പൂജകൾക്കായി അഞ്ച് മണിയോടെ നട തുറന്നതിനൊപ്പമാണ് പരിശോധനയും നടക്കുന്നത്. ക്ഷേത്രത്തിലെ പൂജകൾ കഴിയുന്നതിനൊപ്പം തന്നെ പരിശോധനയും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മറ്റൊരു അവസരത്തിൽ ഇത്തരം പരിശോധനകൾ നടത്താൻ പ്രായോഗിക ബുദ്ധിമുട്ട് ഉള്ളതിനാലാണ് നട തുറന്ന സമയം തന്നെ ഇതിനായി തെരഞ്ഞെടുത്തത്.മിഥുനമാസം 19 നാണ് പൂജ കഴിഞ്ഞ് നട അടയ്ക്കുക.

