പാലക്കാട് : വിമത സ്ഥാനാർത്ഥിക്കെതിരെ വധഭീഷണി മുഴക്കിയതിന് സിപിഎം നേതാവിനെതിരെ കേസ് . അഗളി ലോക്കൽ സെക്രട്ടറി എൻ. ജംഷീറിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. അഗളി പഞ്ചായത്തിലെ 18-ാം വാർഡിൽ സ്വതന്ത്രനായി മത്സരിക്കുന്ന വി.ആർ. രാമകൃഷ്ണനെതിരെയാണ് ഇയാൾ വധഭീഷണി മുഴക്കിയത്.
നവംബർ 22-ന് രാത്രിയാണ് ജംഷീർ രാമകൃഷ്ണനെ ഭീഷണിപ്പെടുത്തിയത് . മത്സരത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ രാമകൃഷ്ണനെ കൊല്ലുമെന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. അസഭ്യം പറയുകയും ചെയ്തു. അതിന്റെ ഓഡിയോ പുറത്തുവന്നിട്ടുണ്ട്.
പിറ്റേന്ന് രാമകൃഷ്ണൻ അഗളി പോലീസിൽ പരാതി നൽകാൻ എത്തിയെങ്കിലും കോടതിയെ സമീപിക്കാൻ പോലീസ് നിർദ്ദേശിച്ചു. തുടർന്ന് രാമകൃഷ്ണൻ ജില്ലാ പോലീസ് മേധാവി അജിത് കുമാറിന് പരാതി നൽകി. രാമകൃഷ്ണന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് ജംഷീറിനെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് നീക്കിയത്

