തിരുവനന്തപുരം : ഡൽഹിയിലെ തുർക്ക്മാൻ ഗേറ്റിലെ ഫൈസ്-ഇ-ഇലാഹി പള്ളിക്ക് സമീപം നടത്തിയ അനധികൃത കയ്യേറ്റം ഒഴിപ്പിക്കലിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . അടിയന്തരാവസ്ഥയുടെ ഭീകരതയുടെ ഭയാനകമായ ഓർമ്മപ്പെടുത്തലാണിതെന്ന് അദ്ദേഹം പറഞ്ഞു.
രാത്രിയുടെ മറവിൽ ആളുകളെ പിഴുതെറിയുന്നത് നീതിയായി വിശേഷിപ്പിക്കാനാവില്ല . ബിജെപി നേതൃത്വത്തിലുള്ള സർക്കാർ സംഘപരിവാറിന്റെ വിഭജന പ്രത്യയശാസ്ത്രം നടപ്പിലാക്കുന്നതിനെയാണ് ഈ നടപടി പ്രതിഫലിപ്പിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്ന് ആവർത്തിക്കാൻ അനുവദിക്കരുതെന്നും പിണറായി പറഞ്ഞു.
തുർക്ക്മാൻ ഗേറ്റിൽ ഹൈക്കോടതി ഉത്തരവ് പ്രകാരമായിരുന്നു ഒഴിപ്പിക്കൽ. പ്രദേശത്ത് അനധികൃത താമസക്കാർ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെ സംഘർഷാവസ്ഥ ഉണ്ടായി . സയിദ് ഇലാഹി മസ്ജിദിന്റെ ഒരു ഭാഗം ഉൾപ്പെടെയാണ് ഒഴിപ്പിച്ചത്.ഹൈക്കോടതി അനുമതിയോടെയാണ് ഒഴിപ്പിക്കലെന്ന് മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) ഉദ്യോഗസ്ഥർ പറഞ്ഞു.ഉദ്യോഗസ്ഥർക്ക് നേരെ ആളുകൾ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിക്കുകയും കല്ലെറിയുകയും ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഏഴ് വ്യത്യസ്ത വകുപ്പുകൾ പ്രകാരം ഈ കേസിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെ 15 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

