കോഴിക്കോട്: ഫിസിയോതെറാപ്പി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകൻ അറസ്റ്റിൽ . അത്തോളിക്കടുത്ത് മൊടക്കല്ലൂരിലെ തോറയിൽ ആയിഷ റാഷ (21)യെ ഞായറാഴ്ചയാണ് എരഞ്ഞിപ്പാലത്ത് വാടകയ്ക്ക് താമസിക്കുന്ന അപ്പാർട്ട്മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് . ജിം ട്രെയിനറായ ബഷീറുദ്ദീനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് കോഴിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.
വീട്ടുകാരുടെ അറിവില്ലാതെ ബഷീറുദ്ദീനൊപ്പം ജീവിക്കാൻ ആയിഷ തയ്യാറായതായും സൂചനയുണ്ട്. ഈ ബന്ധത്തെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്നും ആയിഷയുടെ കുടുംബം പറഞ്ഞു. “ഈ യുവാവിനെയോ അവൾ അയാളുടെ കൂടെ താമസിക്കാൻ പോയിരുന്നോ എന്നും ഞങ്ങൾക്ക് അറിയില്ലായിരുന്നു. എന്നാൽ അയാൾ അവളെ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും അത് അവളെ ആത്മഹത്യയിലേക്ക് നയിച്ചിരിക്കാമെന്നും അവളുടെ സുഹൃത്തുക്കൾ ഞങ്ങളോട് പറഞ്ഞു,” കുടുംബാംഗംങ്ങളിൽ ഒരാൾ പറഞ്ഞു.
മംഗളൂരുവിലെ ശ്രീദേവി കോളേജിൽ മൂന്നാം വർഷ ഫിസിയോതെറാപ്പി വിദ്യാർത്ഥിനിയായിരുന്നു ആയിഷ.അറസ്റ്റിലായ ബഷീറുദ്ധീനെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ഇയാൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തണോ എന്നാ കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

