മാതാപിതാക്കൾ ഉപേക്ഷിച്ച ആ കണ്മണി ഇനി മലയാളത്തിന്റെ ‘ നിധി ‘ . മൂന്ന് ആഴ്ച മാത്രം പ്രായമുള്ളപ്പോൾ, ഝാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ ഉപേക്ഷിച്ച കുഞ്ഞിനെയാണ് എറണാകുളത്തെ ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള കെയർ ഹോമിലേയ്ക്ക് മാറ്റുക . കഴിഞ്ഞ ഒരു മാസമായി എറണാകുളം ജനറൽ ആശുപത്രിയിലെ മെഡിക്കൽ സ്റ്റാഫാണ് കുഞ്ഞിനെ പരിചരിച്ചത്. നിധി എന്നാണ് അവൾക്ക് ഈ അമ്മമാർ നൽകിയ പേര്. നിധിയെ വ്യാഴാഴ്ച ജനറൽ ആശുപത്രിയിൽ നിന്ന് സിഡബ്ല്യുസിയിലേക്ക് മാറ്റും.
കുഞ്ഞിന്റെ മാതാപിതാക്കളായ മംഗലേശ്വറും രഞ്ജിതയും ഝാർഖണ്ഡിൽ നിന്നുള്ളവരാണ്. കോട്ടയത്തെ ഒരു മത്സ്യ ഫാമിൽ ജോലി ചെയ്തിരുന്നു. സ്വന്തം നാട്ടിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് രഞ്ജിതയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത് . തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വച്ചാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. ഒരു കിലോയിൽ താഴെ ഭാരമുള്ള നിധിയെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
എന്നാൽ ഇതിനിടെ മാതാപിതാക്കളെ കാണാതാവുകയും അവരുമായി ബന്ധപ്പെടാനുള്ള ആശുപത്രി അധികൃതരുടെ ശ്രമം പരാജയപ്പെടുകയും ചെയ്തു.
തുടർന്നാണ് കുഞ്ഞിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ചു. വിളർച്ച ബാധിച്ചതിനാൽ ഒരാഴ്ച ഓക്സിജൻ നൽകുകയും രണ്ട് തവണ രക്തം നൽകുകയും ചെയ്തു.
ആശുപത്രിയിലെ മുലപ്പാൽ ബാങ്കിൽ നിന്നുള്ള പാൽ ഉപയോഗിച്ചാണ് നിധിയുടെ വിശപ്പ് അകറ്റിയത്. ഇപ്പോൾ മൾട്ടി വൈറ്റമിനുകളും അയേൺ ഡ്രോപ്പുകളും നൽകുന്നുണ്ട് .കുട്ടിക്ക് ഇപ്പോൾ 37 ആഴ്ച പ്രായമുണ്ട്, 2 കിലോ ഭാരമുണ്ട്. സാധാരണ ആരോഗ്യമുള്ള മറ്റേതൊരു കുഞ്ഞിനെയും പോലെ ഇപ്പോൾ പാൽ കുടിക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു. ആശുപത്രിയിലെ നവജാത ശിശു സംരക്ഷണ യൂണിറ്റിലെ നഴ്സുമാരുടെ നിരീക്ഷണത്തിലാണ് നിധി . ഡോ.വിജി, ഡോ.വിനീത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കുഞ്ഞിൻ്റെ ചികിത്സയ്ക്ക് മേൽനോട്ടം വഹിച്ചത്.

