തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ബോണസും ഉത്സവബത്തയും വർദ്ധിപ്പിച്ചു. ബോണസ് 500 രൂപയും ഉത്സവബത്ത 250 രൂപയുമാണ് വർദ്ധിപ്പിച്ചത് . ഇതോടെ ജീവനക്കാർക്കും അധ്യാപകർക്കും 4500 രൂപ ബോണസ് ലഭിക്കും.
ബോണസിന് അർഹതയില്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയിൽ നിന്ന് 3000 രൂപയായി ഉയർത്തുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. സർവീസ് പെൻഷൻകാരുടെ ഉത്സവബത്ത 250 രൂപ വർദ്ധിപ്പിച്ച് 1250 രൂപയാക്കി. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിക്കുന്നവർക്കും ഉത്സവബത്ത ലഭിക്കും.
എല്ലാ സർക്കാർ ജീവനക്കാർക്കും 20,000 രൂപ ഓണം അഡ്വാൻസ് നൽകും. പാർട്ട് ടൈം, കണ്ടിജന്റ് ജീവനക്കാർ ഉൾപ്പെടെയുള്ള മറ്റ് ജീവനക്കാർക്കുള്ള അഡ്വാൻസ് 6,000 രൂപയായിരിക്കും. കരാർ സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അലവൻസ് 250 രൂപ വർദ്ധിപ്പിച്ചു.

