ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ നിയമവിരുദ്ധമായി ലൈസൻസ് പ്ലേറ്റുകൾ ഉപയോഗിക്കുന്ന വാഹനയാത്രികർക്കെതിരെ നടപടി ആരംഭിച്ച് പോലീസ്. ദൗത്യം ആരംഭിച്ച് ആദ്യ മണിക്കൂറുകൾക്കുള്ളിൽ തന്നെ നിരവധി നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ലെറ്റർകെന്നി റോഡ് പോലീസിംഗ് യൂണിറ്റിലെ അംഗങ്ങളാണ് ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നത്.
നിയമവിരുദ്ധമായ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ചതിനെ തുടർന്ന് നിരവധി ഡ്രൈവർമാരെ റോഡുകളിൽ പോലീസ് തടഞ്ഞു. ഇവർക്ക് മേൽ പിഴയും ചുമത്തി. നിയമവിരുദ്ധ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ച് വാഹനം ഓടിയ്ക്കുന്നവർക്ക് മുൻപിലും പിന്നിലുമുള്ള ഓരോ പ്ലേറ്റിലും 60 യൂറോ എന്ന നിലയിലാണ് പിഴ ചുമത്തുന്നത്. പിഴ ലഭിച്ച ഡ്രൈവർമാർ ഉടൻ തന്നെ നമ്പർ പ്ലേറ്റുകൾ മാറ്റി സ്ഥാപിക്കേണ്ടതാണ്. അല്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നാണ് പോലീസ് നിർദ്ദേശം.

